വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി; അപലപിച്ച് യുഎഇ
|വെസ്റ്റ് ബാങ്ക് അടുത്ത വർഷം പിടിച്ചടക്കുമെന്നും യുഎസിൽ ട്രംപ് അധികാരത്തിലെത്തിയത് അതിനുള്ള അവസരമാണ് എന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് യുഎഇ രംഗത്തെത്തിയത്
ദുബൈ: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്ന ഇസ്രായേൽ ധനമന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന പ്രകോപനപരവും അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
വെസ്റ്റ് ബാങ്ക് അടുത്ത വർഷം പിടിച്ചടക്കുമെന്നും യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയത് അതിനുള്ള അവസരമാണ് എന്നുമുള്ള ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ പ്രസ്താവനയ്ക്കെതിരെയാണ് യുഎഇ രംഗത്തെത്തിയത്. ഫലസ്തീൻ പ്രദേശങ്ങളുടെ സ്വഭാവം മാറ്റിമറിക്കാനുള്ള പ്രകോപനപരമായ എല്ലാ പ്രസ്താവനയും തങ്ങൾ തള്ളിക്കളയുന്നു. അന്താരാഷ്ട്ര പ്രമേയങ്ങളോടുള്ള വെല്ലുവിളിയാണ് പ്രസ്താവന. മേഖലയിലെ സംഘർഷം വിപുലപ്പെടുത്താൻ മാത്രമേ അതു സഹായിക്കൂവെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പദ്ധതി മാത്രമണ്. സ്വതന്ത്ര ഫലസ്തീൻ രൂപവത്കരിക്കപ്പെടേണ്ടതുണ്ട്. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളിൽ അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്. ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തെ ഇല്ലാതാക്കുന്ന എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റിലീജ്യസ് സയണിസം പാർട്ടിയുടെ പ്രതിവാര യോഗത്തിന് മുമ്പോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇസ്രായേൽ മന്ത്രിയുടെ പരാമർശങ്ങൾ. വെസ്റ്റ് ബാങ്കിൽ പരമാധികാരം സ്ഥാപിക്കാൻ ഒരു ചുവടു മാത്രം അകലെയാണ് നമ്മൾ. ഈ വർഷം നമ്മൾ അധികാരം സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിലെ സെറ്റിൽമെന്റ് ഡയറക്ടറേറ്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.