ഇന്ധനവില കുറച്ച് യു.എ.ഇ; പെട്രോളിന് 15 ഫിൽസ് കുറയും
|ഡീസൽ വിലയിൽ 17 ഫിൽസിന്റെ കുറവ്
ദുബൈ: യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 15 ഫിൽസും ഡീസൽ ലിറ്ററിന് 17 ഫിൽസുമാണ് കുറയുക. മാസങ്ങളുടെ ഇടവേളക്ക് ശേഷാണ് യു.എ.ഇയിൽ ഇന്ധനവിലയിൽ കുറവ് വരുന്നത്. ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് യു.എ.ഇയിൽ ഓരോമാസവും ഇന്ധനവില നിശ്ചയിക്കുന്നത്.
പുതിയ നിരക്ക് അനുസരിച്ച് 3 ദിർഹം 05 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർപെട്രോളിന്റെ വില 2 ദിർഹം 90 ഫിൽസായി കുറയും. സ്‌പെഷ്യൽ പെട്രോൾ വില 2 ദിർഹം 93 ഫിൽസിൽ നിന്ന് 2 ദിർഹം 78 ഫിൽസാകും. ഇപ്ലസ് പെട്രോളിന് നാളെ മുതൽ 2 ദിർഹം 71 ഫിൽസ് നൽകിയാൽ മതി. ആഗസ്റ്റിൽ 2 ദിർഹം 86 ഫിൽസായിരുന്നു നിരക്ക്. ഡിസൽ ലിറ്ററിന് 17 ഫിൽസ് വിലകുറച്ചപ്പോൾ നിരക്ക് 2 ദിർഹം 95 ഫിൽസിൽ നിന്ന് 2 ദിർഹം 78 ഫിൽസായി കുറഞ്ഞു. ഡീസലിന്റെ വില കുറയുന്നത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയാനും കാരണമാകും എന്നതിനാൽ വാഹനയുടമകൾ മാത്രമല്ല സാധാരണക്കാരും ആശ്വാസത്തിലാണ്.