യു.എ.ഇ സമ്പദ് വ്യവസ്ഥ നടപ്പുവർഷം 7.6% വളർച്ച കൈവരിക്കും
|രാജ്യം 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കിൽ
യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.6% വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. എണ്ണ, എണ്ണ ഇതര മേഖലകളിലെ മികച്ച പ്രകടനമാണ് നേട്ടത്തിനു കാരണം.
ജൂലൈയിൽ സെൻട്രൽ ബാങ്ക് രാജ്യം 5.4 ശതമാനം വളർച്ച നേടുമെന്നാണ് പ്രഖ്യാപിച്ചിരുന്നുത്. അതിനേക്കാളും കൂടുതലാണ് ഏറ്റവും പുതിയ വളർച്ചാ പ്രവചനം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം ഈ വർഷം 6.5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് ഈ മാസം ആദ്യം സൂചിപ്പിച്ചിരുന്നു.
എണ്ണ വരുമാനത്തിലെ കുത്തനെയുള്ള വർദ്ധനവും എണ്ണ ഇതര ജി.ഡി.പിയിലെ ശ്രദ്ധേയമായ പുരോഗതിയുമാണ് ശക്തമായ വളർച്ചയ്ക്ക് കാരണമെന്നാണ് സാമ്പത്തിക മേഖലയിൽനിന്നുള്ള വിദഗ്ധ വിലയിരുത്തൽ.
മൊത്തം ജി.ഡി.പി വളർച്ച നടപ്പുവർഷത്തെ മൂന്നാം പാദത്തിൽ വേഗത്തിലായിട്ടുണ്ട്. എങ്കിലും, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നവംബറിൽ ആരംഭിക്കുന്ന എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക്കും സഖ്യകക്ഷികളും തീരുമാനിച്ചിട്ടുണ്ട്. ഇത് വളർച്ചാനിരക്കിൽ കുറവ് വരുത്തിയേക്കാമെന്നാണ് വിലയിരുത്തൽ.