യു.എ.ഇ സുവർണ ജൂബിലി: വിസ മേഖലയിൽ നിരവധി ഇളവുകള്‍
|ഗ്രീൻ, ഫ്രീലാൻസ് വിസക്ക് പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും തീരുമാനമായി
യു.എ.ഇ സുവർണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയിൽ നിരവധി ഇളവുകള്‍. ഗ്രീൻ, ഫ്രീലാൻസ് വിസക്ക് പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും തീരുമാനമായി. ഗോൾഡൻ വിസ നൽകുന്നവരുടെ മേഖലകൾ വിപുലീകരിച്ചതായി യു.എ.ഇ അറിയിച്ചു.
സയൻസ്, എൻജിനിയറിങ്, ആരോഗ്യം, വിദ്യഭ്യാസം, ബിസിനസ് മാനേജ്മെന്റ്, ടെക്നോളജി മേഖലയിലെ സ്പെഷലിസ്റ്റുകൾ, സി.ഇ.ഒമാർ, മാനേജർമാർ എന്നിവർക്കും ഗോൾഡൻ വിസ ലഭിക്കും. പത്തുവർഷ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉയർന്ന നൈപുണ്യമുള്ളതും പ്രത്യേകതയുള്ളവരുമായ താമസക്കാർ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, ഉന്നത വിജയികളായ വിദ്യാർഥികൾ എന്നിവർക്കാണ് നടപടിക്രമങ്ങൾ ലളിതമാക്കുക.
സ്പോൺസറുടെ ആവശ്യമില്ലാതെ യു.എ.ഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സഹായിക്കുന്നതാണ് ഗോൾഡൻ വിസ. ഇത് അഞ്ച് വർഷത്തേക്ക് സിൽവർ വിസയായും അനുവദിക്കുന്നുണ്ട്. കലാവധി കഴിഞ്ഞാൽ സ്വയം പുതുക്കുന്ന സംവിധാനവും ഇതിനുണ്ട്.