യു.എ.ഇയില്‍നിന്നുള്ള യാത്രാനിരക്കില്‍ യൂറോപ്പിനോട് മത്സരിച്ച് കേരളത്തിലെ വിമാനത്താവളങ്ങള്‍
|1,554 ദിര്‍ഹത്തിനും 2,287 ദിര്‍ഹത്തിനും ഇടയിലാണ് ഇന്നത്തെ കൊച്ചിയിലേക്കുള്ള വണ്‍-വേ ഡയരക്ട് ടിക്കറ്റ് നിരക്കുകള്‍
യു.എ.ഇ.യില്നിന്ന് യൂറോപ്പിലേക്കും ഇന്ത്യയിലേക്കുമുള്ള യാത്രാനിരക്ക് തുല്യമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..? എന്നാല്‍ അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
നിലവില്‍ യു.എ.ഇ.യില്നിന്ന് ലണ്ടനിലേക്കും ചില യൂറോപ്യന്‍ നഗരങ്ങളിലേക്കുമുള്ള യാത്രാനിരക്കിന് തുല്യമായ ചെലവാണ് ചില ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ളതെന്നാണ് ദുബൈ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റുമാര്‍ വെളിപ്പെടുത്തുന്നത്. സ്കൂളുകളിലെ വേനല്‍ അവധിയും, ബലിപെരുന്നാള്‍ അവധിയുമാണ് വിമാനനിരക്കുകളിലെ കുതിച്ചു ചാട്ടത്തിനു കാരണം.
ഇന്ത്യയില്‍ തന്നെ, കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഇപ്പോള്‍ കാര്യമായ വര്‍ധനവ് സംഭവിച്ചുട്ടുള്ളത്. 1,554 ദിര്‍ഹത്തിനും 2,287 ദിര്‍ഹത്തിനും ഇടയിലാണ് ഇന്നത്തെ കൊച്ചിയിലേക്കുള്ള വണ്‍-വേ ഡയരക്ട് ടിക്കറ്റ് നിരക്കുകള്‍.
അതേസമയം, ദുബൈയില്‍നിന്ന് 7 മണിക്കൂറും 45 മിനിറ്റും സമയമെടുക്കുന്ന ഹീത്രൂവിലേക്ക് നേരിട്ടുള്ള വിമാനത്തിന് 2,680 ദിര്‍ഹം ആണ് ഇന്നത്തെ യാത്രാനിരക്ക്. ദുബൈയില്‍നിന്ന് കേരളത്തിലേക്ക് ഏകദേശം നാലുമണിക്കൂറാണ് യാത്രാസമയം. കൂടാതെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുള്ള കേരളത്തിലേക്ക് ഇത്തരത്തില്‍ അമിതനിരക്ക് ഈടാക്കുന്നത് വിരോധാഭാസമാണ്.
ജമ്മു കശ്മീര്‍, ഹരിയാന എന്നിവയുള്‍പ്പെടെ സ്ഥിരമായി വിമാനങ്ങളില്ലാത്ത പല നഗരങ്ങളിലേക്കും എത്തിച്ചേരാന്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് ഏകദേശം 1,330 ദിര്‍ഹമാണ്. ഉയര്‍ന്ന നിരക്ക് 1,987 ദിര്‍ഹമാണെന്നതും ശ്രദ്ദേയമാണ്. ജൂലൈ പകുതിക്ക് ശേഷം മാത്രമേ ഇനി വിമാനനിരക്കുകളില്‍ സ്ഥിരതയുണ്ടാവുകയൊള്ളുവെന്നാണ് ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്.
ഗള്‍ഫ് മേഖലയില്‍നിന്നുള്ള വിമാനക്കൂലിയിലെ 'അഭൂതപൂര്‍വമായ' വര്‍ധനവിനെതിരെ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള സിപിഐ(എം) രാജ്യസഭാ എംപി ഡോ. വി. ശിവദാസന്‍ ജൂണ്‍ 25ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.