UAE
യു.എ.ഇ നിങ്ങൾക്കൊപ്പമുണ്ട്; ലബനാനു വേണ്ടി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ച് രാജ്യം
UAE

'യു.എ.ഇ നിങ്ങൾക്കൊപ്പമുണ്ട്'; ലബനാനു വേണ്ടി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ച് രാജ്യം

Web Desk
|
9 Oct 2024 5:09 PM GMT

ഒക്ടോബർ 12ന് എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിലും 13ന് അബൂദബി പോർട്സിലെ ക്രൂയിസ് ടെർമിനലിലും സംഭാവനകൾ സ്വീകരിക്കും

ദുബൈ ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനു വേണ്ടി പൊതുജനങ്ങളിൽനിന്ന് സഹായം സ്വീകരിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രത്യേക സഹായ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹ്യുമാനിറ്റേറിയൻ കൗൺസിൽ ലബനാനു വേണ്ടിയുള്ള ഫണ്ട് സമാഹരണം ആരംഭിച്ചത്. സംഭാവനകൾ നൽകാൻ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും അവസരമൊരുക്കിയിട്ടുണ്ട്. ഒക്ടോബർ 12ന് എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിലും 13ന് അബൂദബി പോർട്സിലെ ക്രൂയിസ് ടെർമിനലിലും സംഭാവനകൾ സ്വീകരിക്കും.

സംഘർഷം തുടരുന്ന ലബനാനിലേക്ക് ആറു വിമാനങ്ങളിലായി 205 ടൺ സഹായവസ്തുക്കളാണ് ഇതുവരെ യുഎഇ എത്തിച്ചിട്ടുള്ളത്. മാനുഷിക സഹായമെന്ന നിലയിൽ നൂറു മില്യൺ യുഎസ് ഡോളറിന്റെ ദുരിതാശ്വാസ പാക്കേജാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ലബനാനു വേണ്ടി പ്രഖ്യാപിച്ചിരുന്നത്. ലബനാൻ യുഎഇ നിങ്ങൾക്കൊപ്പമുണ്ട് എന്ന പേരിലാണ് രാജ്യത്തിന്റെ സഹായപദ്ധതി മുമ്പോട്ടു പോകുന്നത്.

ലബനാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് നേരത്തെ യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ദക്ഷിണ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ രാജ്യം കടുത്ത ആശങ്കയും രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയിലേറെയായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ 2100ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 12 ലക്ഷത്തിലേറെ പേർ പലായനം ചെയ്തു.

Similar Posts