UAE
UAE national railway Etihad Rail
UAE

യു.എ.ഇ ദേശീയ റെയിൽപാത ഇത്തിഹാദ് റെയിൽ ഉദ്ഘാടനം ചെയ്തു

Web Desk
|
24 Feb 2023 3:18 AM GMT

ചരക്ക് തീവണ്ടി സർവീസിന് തുടക്കമായി

യു.എ.ഇയുടെ ദേശീയ റെയിൽ പാതയായ ഇത്തിഹാദ് റെയിലിന്റെ നിർമാണം പൂർത്തിയായി. പാതയിലൂടെ ചരക്ക് തീവണ്ടി സർവീസിനും തുടക്കം കുറിച്ചു. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് റെയിൽ ശൃംഖലയുടെ ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് ഇത്തിഹാദ് റെയിൽപാത നിർമിച്ചിരിക്കുന്നത്.

യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖല ഔദ്യോഗികമായി നിലവിൽ വന്നതായി പ്രഖ്യാപിച്ച ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തും ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടനം നിർവഹിച്ചതായി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. മുഴുവൻ യു.എ.ഇ എമിറേറ്റുകളിലൂടെയും ഇത്തിഹാദ് റെയിൽ കടന്നുപോകുന്നുണ്ട്. യു.എ.ഇയിലെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്കുഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ ശൃംഖല.

വർഷം 60 ദശലക്ഷം ടൺ ചരക്കുകൾ ഈ റെയിൽ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ട്‌പോകാനും റെയിൽവേക്ക് ശേഷിയുണ്ടാകും.

അബൂദബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ ആദ്യഘട്ടത്തിൽ 38 ഗുഡ്‌സ് ട്രെയിനുകൾ ആയിരം വാഗണുകളിലായി ചരക്ക് സർവീസ് നടത്തും. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും തീവണ്ടിയിൽ എത്തിച്ചേരാനാകും.

ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ സർവീസ് 2030 ൽ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവിയിൽ ഈ റെയിൽ ശൃംഖല അയൽരാജ്യങ്ങളായ ഒമാനിലേക്കും സൗദിയിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.

Similar Posts