യു.എ.ഇയിൽ ജനന-മരണ സർട്ടിഫിക്കറ്റ് ഇനി ആരോഗ്യമന്ത്രാലയം വെബ്സൈറ്റ് വഴി
|പ്രവാസികൾക്കും സേവനം ലഭ്യമായിരിക്കും.
യു.എ..ഇയിൽ ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇനി ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ നിന്ന് നേരിട്ട് ലഭ്യമാകും. സ്വദേശികൾക്ക് മാത്രമല്ല പ്രവാസികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു.
യു.എ.ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷന്റെ https://mohap.gov.ae/ വഴിയാണ് ജനന മരണ സർട്ടിഫിക്കറ്റ് ലഭ്യമാവുക. നഷ്ടപ്പെട്ട ജനന-സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാനും, രേഖകളിൽ ഭേദഗതി ആവശ്യമാണെങ്കിൽ അതിനും വെബസൈറ്റ് വഴി സൗകര്യമുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
വെബ്സൈറ്റിലെ വ്യക്തിഗത സേവനങ്ങളിലെ സനദ് എന്ന വിഭാഗത്തിലാണ് പ്രവാസികൾക്കും, സ്വദേശികൾക്കും നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റും ഹെൽത്ത് സർട്ടിഫിക്കറ്റും ലഭ്യമാക്കുക. യു.എ.ഇ സ്വദേശികൾക്ക് മബ്റൂഖ് മായക്ക് എന്ന പേരിൽ നവജാത ശിശുക്കൾക്ക് ഒറ്റ അപേക്ഷയിൽ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി എല്ലാ രേഖകളും ലഭ്യമാക്കുന്ന പാക്കേജും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
നേരത്തേ വെബ്സൈറ്റിൽ ജനന-മരണ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ മാത്രമേ സൗകര്യമുണ്ടായിരുന്നുള്ളു. ഇപ്പോൾ സർട്ടിഫിക്കറ്റും വെബ്സൈറ്റ് വഴി തന്നെ ലഭ്യമാക്കുകയാണ് മന്ത്രാലയം.