യു.എ.ഇ-ഒമാൻ റെയിൽ നിർമാണം ഉടൻ ആരംഭിക്കും
|ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽവേ, മുബാദല എന്നിവ ചേർന്ന് പദ്ധതിയുടെ ഷെയർ ഹോൾഡർ കരാർ ഒപ്പിട്ടതായി അബൂദബി മീഡിയ ഓഫീസ് അറിയിച്ചു
അബൂദബി: യു.എ.ഇക്കും ഒമാനുമിടയിലെ റെയിൽവേ ശൃംഖലയുടെ നിർമാണം ഉടൻ തുടങ്ങും. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ജബൽ ഹഫീത്ത് എന്ന മലയുടെ പേരിലായിരിക്കും റെയിൽ പദ്ധതി ഇനി അറിയപ്പെടുക. ഹഫീത്ത് റെയിൽ എന്നായിരിക്കും പദ്ധതിയുടെ പേര്.
ഒമാനും, യു.എ.ഇക്കുമിടയിൽ മൂന്ന് ശതകോടി ഡോളർ ചെലവിലാണ് റെയിൽ പദ്ധതി നടപ്പാക്കുന്നത്. നേരത്തേ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി എന്നറിയപ്പെട്ടിരുന്ന പദ്ധതി ഇനി ഹഫീത്ത് റെയിൽ പദ്ധതി എന്ന ബ്രാൻഡ് നാമത്തിലായിരിക്കും അറിയപ്പെടുക. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽവേ, മുബാദല എന്നിവ ചേർന്ന് പദ്ധതിയുടെ ഷെയർ ഹോൾഡർ കരാർ ഒപ്പിട്ടതായി അബൂദബി മീഡിയ ഓഫീസ് അറിയിച്ചു.
ഇരുരാജ്യങ്ങൾക്കുമിടയിലെ റെയിൽ ബന്ധം വ്യാപാര, വാണിജ്യ ടൂറിസം മേഖലകൾക്ക് മാത്രമല്ല, സാമൂഹിക, കുടുംബ ബന്ധങ്ങൾ കൂടി ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. ഒറ്റ ട്രെയിൻ യാത്രയിൽ 15000 ടൺ കാർഗോ കൈമാറാൻ ഈ റെയിൽ പദ്ധതിക്ക് കഴിയും. 400 യാത്രക്കാരെ വഹിച്ച് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് സർവീസ് നടത്തുക. അബൂദബി - സോഹാർ നഗരങ്ങൾക്കിടയിൽ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകും. അൽഐനിൽ നിന്ന് സോഹാറിലേക്ക് മുക്കാൽ മണിക്കൂറുകൊണ്ടും എത്തിച്ചേരാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.