വെള്ളപ്പൊക്കം ബാധിച്ച പാകിസ്താൻ ജനതക്ക് സഹായവുമായി യു.എ.ഇ
|വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന പാക്കിസ്താൻ ജനതക്ക് മാനുഷിക സഹായങ്ങളെത്തിച്ച് യു.എ.ഇ. ഭക്ഷണപദാർത്ഥങ്ങൾ, മെഡിക്കൽ കിറ്റുകൾ, താൽക്കാലിക താമസ സൗകര്യങ്ങൾക്കാവശ്യമായ വസ്തുക്കൾ തുടങ്ങിയിവ ഉൾപ്പെടുന്നതാണ് യു.എ.ഇയിൽനിന്നയച്ച ദുരിതാശ്വാസ സഹായം. യു.എ.ഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
സാധനങ്ങൾ വഹിച്ചുള്ള ആദ്യ ദുരിതാശ്വാസ വിമാനം ഇന്നലെ രാവിലെ പാകിസ്ഥാനിലേക്ക് പുറപ്പെട്ടു. വരും ദിവസങ്ങളിലും നിരവധി വിമാനങ്ങൾ അയക്കുമെന്ന് യു.എ.ഇ അംബാസഡർ ഹമദ് ഉബൈദ് അൽ സാബി അറിയിച്ചു.
ജൂൺ മുതൽ ഇതുവരെ വെള്ളപ്പൊക്കത്തിൽ 1,061 പേരാണ് പാകിസ്താനിൽ മരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 പേർ കൂടി മരിച്ചതായി പാകിസ്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.ഡിഎം.എ) ഇന്നലെ അറിയിച്ചിരുന്നു.
ഈ അവസരത്തിൽ ദുരിതാശ്വാസ-രക്ഷാ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ് ഭരണാധികാരികൾ. സിന്ധ് പ്രവിശ്യ മുതൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ വരെയുള്ള ദുർബലമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്. പല പ്രദേശങ്ങളിലും എത്തിപ്പെടാൻ പോലും പാടുപെടുകയാണ് രക്ഷാപ്രവർത്തകർ.