ലോക പരിസ്ഥിതിദിനത്തിൽ വിവിധ ബോവത്കരണ പരിപാടികൾ സംഘടിപ്പിച്ച് യു.എ.ഇ.
|എമിറേറ്റ്‌സ് വിമാന കമ്പനി വിദ്യാർഥികൾക്ക് സൗജന്യ സ്‌കൂൾബാഗ് വിതരണ പദ്ധതിയും പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപിച്ചു
ദുബൈ: ലോക പരിസ്ഥിതിദിനത്തിൽ വിവിധ ബോവത്കരണ പരിപാടികൾ സംഘടിപ്പിച്ച് യു.എ.ഇ. തുടർച്ചയായി രണ്ടാംവർഷം സുസ്ഥിരതാവർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇ. ലോക പരിസ്ഥിതിദിനത്തിൽ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയത്. വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സുസ്ഥിര വികസന പദ്ധതികൾ പ്രസിഡന്റ് ശൈഖ് മുഹമ്മദ് നേരിട്ടെത്തി വിലയിരുത്തി. പുതിയ തലമുറക്കായി ഭൂമിയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ യു.എ.ഇ പ്രതിഞ്ജാബദ്ധമാണെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തെ സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിവിധ പരിപാടികൾ നടന്നു. ന്യൂ ഇന്ത്യൻ സ്‌കൂൾ ഉമ്മുൽഖുവൈനിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്‌കൂൾ എം,ഡി. ഡോ. അബ്ദുസലാം ഒലയാട്ട്, പ്രിൻസിപ്പിൽ ഡോ. സെയ്ഫുദ്ദീൻ പി. ഹംസ എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് വി.കെ. യാസിർ, മാൾ ഓഫ് ഉമ്മുൽഖുവൈൻ പ്രതിനിധി മെൽവിൻ തുടങ്ങിയവർ പങ്കെടുത്തു.ദുബൈ ജി.ഡി.ആർ.എഫ്.എ ദുബൈ സസ്‌റ്റൈനബിൽ സിറ്റിയുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർഥികൾക്ക് പരിസ്ഥിതി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു.
എമിറേറ്റ്‌സ് വിമാന കമ്പനി വിദ്യാർഥികൾക്ക് സൗജന്യ സ്‌കൂൾബാഗ് വിതരണ പദ്ധതിയും പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപിച്ചു. വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ട് നിർമിച്ച ബാഗുകൾ ആഫ്രിക്കയിലെയും, ഏഷ്യയിലെയും സ്‌കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചത്. വിമാനത്തിന്റെ അകത്തെ ഭാഗങ്ങൾ പരിഷ്‌കരിക്കുമ്പോൾ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ബാഗുകൾ നിർമിക്കുക. 191 വിമാനങ്ങളിലെ അമ്പതിനായിരം കിലോ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ബാഗുകൾ നിർമിക്കുന്നത്.