അശ്രദ്ധമായി ഇ-സ്കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ, നിങ്ങള്‍ യുഎഇ പൊലീസിന്റെ നിരീക്ഷണത്തിലാണ്
|കഴിഞ്ഞ വര്‍ഷം ജൂണില്‍ ഷാര്‍ജയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ കാറിടിച്ച് മരിച്ചിരുന്നു
യുഎഇയിലുടനീളം ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് യുഎഇ പൊലീസ്. ഇ-സ്കൂട്ടര്‍ യാത്രക്കാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള നിരവധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടേയും അടിസ്ഥാനത്തിലാണ് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്.
സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ ഇ-സ്കൂട്ടറുകള് ഉപയോഗിക്കുന്നതും റോഡിലെ മറ്റു ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സംഭവങ്ങളെ തുടര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് റാസല്‍ഖൈമ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോളിങ് വിഭാഗം ഡയരക്ടര്‍ ബ്രിഗ് അഹമ്മദ് അല്‍ നഖ്ബി പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരം നിയമനിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചി ട്രാക്കുകളിലൂടെ മാത്രമേ ഇ-സ്കൂട്ടര്‍ യാത്രക്കാര്‍ സഞ്ചരിക്കാന്‍ പാടൊള്ളു. കൂടാതെ ഉപയോക്താക്കള്‍ ഹെല്‍മെറ്റുകളും റിഫ്ളക്റ്റീവ് ജാക്കറ്റുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം, രാത്രി സമയങ്ങളില്‍ പ്രത്യേകിച്ചും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഷാര്‍ജയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ കാറിടിച്ച് മരിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അധികാരികള്‍ ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. ലോകമെമ്പാടും അടുത്ത കാലത്തായി പരിസ്ഥിതി സൗഹൃദമായ ഇ-സ്കൂട്ടറുകള് ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.