വിവിധ എമിറേറ്റുകളിൽ യു.എ.ഇ പ്രസിഡന്റിന്റെ പര്യടനം തുടങ്ങി; സാഹോദര്യ ബന്ധം പുതുക്കുക ലക്ഷ്യം
|വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം ഖസ്ർ അൽ ദൈദിൽ പൗരസമൂഹവുമായയും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്
പുതുതായി ചുമതലയേറ്റ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ എമിറേറ്റുകളിൽ പര്യടനം ആരംഭിച്ചു. ഷാർജ, അജ്മാൻ ഭരണാധികാരികളെ പ്രസിഡന്റ് സന്ദർശിച്ചു. സാഹോദര്യ ബന്ധം പുതുക്കുന്നതിന്റെ ഭാഗമായാണ് സുപ്രീംകൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി എന്നിവരെ ശൈഖ് മുഹമ്മദ് സന്ദർശിച്ചത്.
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം ഖസ്ർ അൽ ദൈദിൽ പൗരസമൂഹവുമായയും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അൽ ബദീഅ് പാലസിലാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടന്നത്. ഇരുവരും നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ഷാർജ കിരീടവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങി നിരവധി പ്രമുഖരും കൂടിക്കാഴ്ചയിൽ സന്നിഹിതരായി. അജ്മാൻ റൂലേഴ്‌സ് കോർട്ടിൽ നടന്ന കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദും അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദും വിവിധ വിഷയങ്ങൾ സംസാരിച്ചു. പൗരന്മാർക്ക് എപ്പോഴും യു.എ.ഇ മുൻഗണന നൽകുമെന്നും നിലവിലുള്ളതും ഭാവിയിലെയും പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് പൗരന്മാരാണെന്നും ഇരുവരും പങ്കുവെച്ചു.