52 ഫാൽക്കണുകളെ കസാകിസ്താനിലെ വനത്തിൽ തുറന്നുവിട്ട് യുഎഇ
|ശൈഖ് സായിദ് പദ്ധതിയുടെ ഭാഗമായാണ് നടപടി
വംശനാശം നേരിടുന്ന 52 പ്രാപ്പിടിയൻ പക്ഷികളെ പുതുജീവിതത്തിലേക്ക് തുറന്നുവിട്ട് യു.എ.ഇ. ഫാൽക്കൻ പക്ഷികളെ സംരക്ഷിക്കാൻ രൂപം നൽകിയ ശൈഖ് സായിദ് ഫാൽക്കൻ റിലീസ് പദ്ധതിയുടെ ഭാഗമായി കസാക്കിസ്താനിലെ വനത്തിലാണ് പക്ഷികളെ തുറന്നുവിട്ടത്.
അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിലാണ് കസാക്കിസ്താനിലെ കാരഗണ്ട കാടുകളിൽ 52 ഫാൽക്കണുകളെ തുറന്നുവിട്ടത്. പക്ഷികൾക്ക് പരിശീലനവും വൈദ്യപരിശോധനയും പൂർത്തിയാക്കിയാണ് ഇവയെ സ്വതന്ത്രമാക്കിയത്. പ്രാപ്പിടിയൻ പക്ഷികൽക്ക് ഏറ്റവും യോജിച്ച ആവാസ വ്യവസ്തയുള്ള വനമാണ് കസാക്കിസ്താനിലെ കരാഗണ്ട. തുറുന്നുവിട്ട ഫാൽക്കണുകളുടെ ശരീരത്തിൽ പ്രത്യേക തിരിച്ചറിയൽ മോതിരവും ഇലക്ട്രോണിക് ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്.
11 ഫാൽക്കണുകളിൽ അതിജീവന നിരക്ക്, വ്യാപനം, പരമ്പരാഗതമായ ദേശാന്തരഗമനം എന്നിവ നിരീക്ഷിക്കുന്നതിന് സോളാറിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
പ്രാപ്പിടിയൻ പക്ഷികളുടെ അതിജീവനത്തിനും സംരക്ഷണത്തിനുമായി മുപ്പത് വർഷം മുമ്പ് രൂപം നൽകിയതാണ് ശൈഖ് സായിദ് ഫാൽക്കൺ റിലീസിങ് പ്രോഗ്രാം. ഇതു വരെ 2,211 ഫാൽക്കണുകളെയാണ് പദ്ധതി പ്രകാരം സ്വതന്ത്രമാക്കിയത്.