UAE
സഹായ വസ്തുക്കളുമായി യു.എ.ഇ കപ്പൽ ഗസ്സയിൽ
UAE

സഹായ വസ്തുക്കളുമായി യു.എ.ഇ കപ്പൽ ഗസ്സയിൽ

Web Desk
|
19 May 2024 6:05 PM GMT

സൈപ്രസിലെ ലർനക്ക ഇടനാഴി വഴിയാണ് കപ്പൽ ഗസ്സയിലേക്ക് പ്രവേശിച്ചതെന്ന്‌ യു.എ.ഇ അധികൃതർ അറിയിച്ചു

ദുബൈ: ഭക്ഷ്യ വസ്തുക്കളുമായി യു.എ.ഇയിൽ നിന്ന് പുറപ്പെട്ട ചരക്കു കപ്പൽ സൈപ്രസ് വഴി ഗസ്സയിലെത്തി. സൈപ്രസിലെ ലർനക്ക ഇടനാഴി വഴിയാണ് കപ്പൽ ഗസ്സയിലേക്ക് പ്രവേശിച്ചതെന്ന്‌ യു.എ.ഇ അധികൃതർ അറിയിച്ചു. യൂറോപ്യൻ യൂനിയൻ, ഐക്യരാഷ്ട്ര സഭ, യു.എസ്, സൈപ്രസ്, യു.കെ എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് വടക്കൻ ഗസ്സയിലെ ജനങ്ങൾക്കായി ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്. കപ്പലിലെ252 ടൺ ഭക്ഷ്യ സഹായ വസ്തുക്കൾ ദാറുൽ ബലാഹിലെ യു.എൻ ഗോഡൗണിൽ എത്തിയിട്ടുണ്ട്. ഇവ ഫലസ്തീൻ ജനതക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കായി കാത്തിരിക്കുകയാണ്.

യുദ്ധം ആരംഭിച്ച ശേഷം ഗസ്സയിലേക്ക് യു.എ.ഇ ഇതുവരെ 32,000 അടിയന്തര സഹായ വസ്തുക്കൾ വിതരണം ചെയ്തു. 260 വിമാനങ്ങൾ, 1243 ട്രക്കുകൾ, 49 എയഡ്രോപ്പുകൾ എന്നിവ വഴിയാണ് ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഗസ്സക്ക് കൈമാറിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച ഗാലൻറ് നൈറ്റ് 3 സംരംഭത്തിൻറെ ഭാഗമായാണ് ഗസ്സക്ക് സഹായ വിതരണം.

കൂടാതെ യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി യു.എ.ഇ റെഡക്രസൻറിൻറെ നേതൃത്വത്തിൽ ഗസ്സ മുനമ്പിൽ ഫ്‌ലോട്ടിങ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുകയും കടൽവെള്ളം ശുദ്ധീകരിച്ച കൂറ്റൻ പ്ലാറ്റുകൾ നിർമിച്ചു നൽകുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരേയും അർബുദ ബാധിതരേയും ആകാശ മാർഗം യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്.

Similar Posts