UAE
UAE Stands With Lebanon; 110 million dirhams collected in one week
UAE

യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ; ഒരാഴ്ചയ്ക്കിടെ സമാഹരിച്ചത് 110 മില്യൺ ദിർഹം

Web Desk
|
15 Oct 2024 4:52 PM GMT

സമാഹരിച്ചത് 450 ടൺ അവശ്യവസ്തുക്കൾ, ക്യാംപയിൻ ഒക്ടോബർ 21 വരെ

ദുബൈ: യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ ക്യാംപയിന് രാജ്യത്ത് വൻ സ്വീകാര്യത. ലബനാനിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി ഒരാഴ്ചയ്ക്കിടെ യുഎഇയിൽ നിന്ന് സമാഹരിച്ചത് 110 മില്യൺ ദിർഹമാണ്. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശ പ്രകാരം ഒക്ടോബർ എട്ടിനാണ് യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ എന്ന പേരിൽ രാജ്യത്ത് പ്രത്യേക ക്യാംപയിൻ ആരംഭിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ലബനീസ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ക്യാംപയിൻ. ഇതിന്റെ ഭാഗമായി ദുബൈയിലും അബൂദബിയിലും നടന്ന പരിപാടികളിലാണ് 110 മില്യൺ യുഎഇ ദിർഹം മൂല്യം വരുന്ന അവശ്യവസ്തുക്കൾ സ്വരൂപിച്ചത്.

ദുബൈ എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്ററിലും അബൂദബി പോർട്ടിലെ ക്രൂയിസ് ടെർമിനലിലുമാണ് വിഭവ സമാഹരണം നടന്നത്. രണ്ടിടത്തുനിന്നുമായി 450 ടൺ അവശ്യവസ്തുക്കളാണ് വളണ്ടിയർമാർ പാക്ക് ചെയ്തത്. എണ്ണായിരത്തിലേറെ സന്നദ്ധ സേവകർ പരിപാടിയുടെ ഭാഗമായി. ഒക്ടോബർ 21 വരെയാണ് ക്യാംപയിൻ.

എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേർന്നാണ് ലബനാൻ ഐക്യദാർഢ്യ ക്യാംപയിൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി അബൂദബി, ദുബൈ, റാസൽ ഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽ ഐൻ എന്നിവിടങ്ങളിൽ പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കാനുള്ള കേന്ദ്രങ്ങൾ റെഡ് ക്രസന്റ് ആരംഭിച്ചിട്ടുണ്ട്.

ഒമ്പതു വിമാനങ്ങളിലായി 375 ടൺ സഹായവസ്തുക്കളാണ് യുഎഇ ഇതുവരെ ലബനാനിലെത്തിച്ചത്. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ലബനാൻ ജനതയ്ക്കായി നൂറു ദശലക്ഷം യുഎസ് ഡോളറിന്റെ സഹായമാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നത്. 30 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം അനുവദിക്കുകയും ചെയ്തിരുന്നു.

Similar Posts