UAE
പ്രളയെത്തെ അതിജീവിച്ച് യു.എ.ഇ; ജനജീവിതം സാധാരണനിലയിലേക്ക്
UAE

പ്രളയെത്തെ അതിജീവിച്ച് യു.എ.ഇ; ജനജീവിതം സാധാരണനിലയിലേക്ക്

Web Desk
|
22 April 2024 5:46 PM GMT

ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടും അതിന് ശേഷം വന്ന വാരാന്ത്യ അവധിയും കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് യു.എ.ഇയിലെ ഓഫീസുകളും ദൈനംദിന ജീവിതവും കൂടുതൽ സജീവമായി.

ദുബൈ: പ്രളയത്തെ അതിജീവിച്ച് യു.എ.ഇയിലെ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നു. വെള്ളക്കെട്ട് ശക്തമായ താമസ മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി. ഷാർജയിലെ സ്‌കൂളുകൾക്ക് അടുത്ത രണ്ടുദിവസം അനുയോജ്യമായ വിദ്യാഭ്യാസ രീതി തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകി.

ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടും അതിന് ശേഷം വന്ന വാരാന്ത്യ അവധിയും കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് യു.എ.ഇയിലെ ഓഫീസുകളും ദൈനംദിന ജീവിതവും കൂടുതൽ സജീവമായി. അബൂദബി, ദുബൈ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ മിക്ക റോഡുകളും വെള്ളവും, ചളിയും നീക്കി ഗതാഗത സജ്ജമായി. വെള്ളകെട്ട് രൂക്ഷമായിരുന്ന ഷാർജയിലെ അൽ മജാസ്, അബൂഷഗാര, ഖാസിമിയ മേഖലകളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് വറ്റിക്കാൻ മുനിസിപ്പാലിറ്റി കൂടുതൽ ട്രക്കുകളും രംഗത്തിറക്കിയിരുന്നു. അടുത്തദിവസങ്ങളിൽ ഈ മേഖലയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. എങ്കിലും, ഈ മേഖലകളിൽ വിവിധ കൂട്ടായ്മകളുടെ സന്നദ്ധസേവനവും, ദുരിതാശ്വാസ പ്രവർത്തനവും സജീവമായി തുടരുകയാണ്. ഈ മാസം 23 മുതൽ 25 വരെ ഷാർജയിലെ സ്‌കൂളുകൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതി അവലംബിക്കാൻ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അനുമതി നൽകി. ഓൺലൈൻ പഠനമോ, നേരിട്ടുള്ള അധ്യയനമോ, രണ്ടും ചേർന്ന് ഹൈബ്രിഡ് രീതിയോ സ്‌കൂളുകൾക്ക് തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത രീതി അതോറിറ്റിയെ ഇമെയിൽ വഴി അറിയിക്കണമെന്ന് മാത്രം.

ദുബൈ മെട്രോ ഇപ്പോൾ റെഡ്‌ലൈനിലെ നാല് സ്റ്റേഷനുകളിൽ നിർത്താതെയാണ് സർവീസ് നടത്തുന്നത്. ഓൺപാസീവ്, ഇക്വിറ്റി, മശ്‌റഖ്, എനർജി എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നില്ല. സെന്റർപോയന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നവർ ബിസിനസ് ബേ അല്ലെങ്കിൽ അൽഖൈൽ സ്റ്റേഷനുകളിൽ ട്രെയിൻ മാറി കയറണം. അല്ലെങ്കിൽ ബസിൽ യാത്ര തുടരണമെന്നും ആർ.ടി.എ അറിയിച്ചു.

Similar Posts