ലിബിയൻ ജനതക്ക് തുണയായി യു.എ.ഇ; രക്ഷാപ്രവർത്തക സംഘം ദുരിതഭൂമിയിൽ
|യു.എ.ഇപ്രസിഡൻറ് ശൈഖ് മുഹമ്മദിൻ്റെ പ്രത്യേക നിർദേശത്തെതുടർന്നാണ് രക്ഷാസോനാംഗങ്ങളുടെ സംഘം ലിബിയയിൽ എത്തിയത്
അബൂദബി: വെള്ളപ്പൊക്കം ദുരിതം വിതച്ച ലിബിയയിൽ രക്ഷാപ്രവർത്തകർക്കു പുറമെ വൻതോതിൽ അവശ്യവസ്തുക്കളും എത്തിച്ച് യു.എ.ഇ. 34 അംഗ രക്ഷാപ്രവർത്തകരാണ് കഴിഞ്ഞ ദിവസം ബിൻഗാസി വിമാനത്താവളത്തിൽ എത്തിയത്. യു.എ.ഇപ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻറെ പ്രത്യേക നിർദേശത്തെതുടർന്നാണ് രക്ഷാസോനാംഗങ്ങളുടെ സംഘം ലിബിയയിൽ എത്തിയത്. വീടുംമറ്റു സംവിധാനങ്ങളും നഷ്ടപ്പെട്ടവർക്ക് അടിയന്തിര ആവശ്യവസ്തുക്കൾ എത്തിക്കുന്നതിന് രണ്ടു വിമാനങ്ങളും ലിബിയയിൽ എത്തിച്ചേർന്നു.
താൽകാലിക പാർപ്പിടം സജ്ജീകരിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് എമിറേറ്റ്‌സ് റെഡ് ക്രസൻറിൻറെ നേതൃത്വത്തിൽ എത്തിച്ചത്. 150ടൺ സഹായ വസ്തുക്കളാണ് അടിയന്തര സഹായം എന്ന നിലക്ക് ലഭ്യമാക്കിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാൻ ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് നിർദേശിച്ചു.