ദുരന്തഭൂമിയിലേക്ക് യു.എ.ഇയുടെ സഹായ പ്രവാഹം: ഭരണാധികാരികൾ 420 ദശലക്ഷം ദിർഹം സഹായം നൽകും
|തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ സഹായവുമായി യു.എ.ഇയിൽ നിന്നുള്ള ആദ്യവിമാനം വിമാനം ദുരന്തഭൂമിയിൽ എത്തി
ഭൂകമ്പം തകർത്ത തുർക്കിയിലേക്കും, സിറിയയിലേക്കും യു എ ഇയിൽ നിന്ന് സഹായ പ്രവാഹം. ദുരന്തബാധിതര സഹായിക്കാൻ യു എ ഇ ഭരണാധികാരികൾ 420 ദശലക്ഷം ദിർഹത്തിന്റെ സഹായം പ്രഖ്യാപിച്ചു. 'ഗാലന്‍റ് നൈറ്റ് ടു' എന്ന പേരിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന്റെ രക്ഷാ ദൗത്യവും പുരോഗമിക്കുകയാണ്.
ഭൂകമ്പം തകർത്ത തുർക്കിക്കും, സിറിയക്കും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ 100 ദശ ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചപ്പോൾ, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സിറിയക്ക് 50 ദശലക്ഷം ദിർഹമിന്‍റെ സഹായവും പ്രഖ്യാപിച്ചു.
അതേസമയം, തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ സഹായവുമായി യു.എ.ഇയിൽ നിന്നുള്ള ആദ്യവിമാനം വിമാനം ദുരന്തഭൂമിയിൽ എത്തി രക്ഷാപ്രവർത്തരംഗത്ത് സജീവമായി. മെഡിക്കൽ ഉപകരണങ്ങൾ, രക്ഷാസേന എന്നിവയടങ്ങുന്ന വിമാനമാണ് എത്തിയത്.
തുർക്കിയയിലും സിറിയയിലും രക്ഷാ ദൗത്യത്തിനായി 'ഗാലന്‍റ് നൈറ്റ് ടു' എന്ന പേരിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം ദൗത്യം പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ സംഘം ദുരന്തഭൂമിയിൽ താൽകാലിക ആശുപത്രികൾ നിർമിക്കും, മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും രക്ഷാസംഘം എത്തിച്ചിട്ടുണ്ട്.