ഈജിപ്തിൽ കാറ്റാടിപ്പാടം നിർമിക്കാൻ യു.എ.ഇ; ധാരണയായി
|അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്
ദുബൈ: വൻ കാറ്റാടിപ്പാട നിർമാണ പദ്ധതിക്ക് ഈജിപ്തും യു.എ.ഇയും ധാരണയിലെത്തി. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കുമിത്. ഈജിപതിലെ ശറമുശ്ശൈഖിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയും കരാർ ഒപ്പിടുന്നതിന്ദൃക്സാക്ഷികളായി. യു.എ.ഇയുടെ 'മസ്ദാറും' ഈജിപ്തിന്റെ ഇൻഫിനിറ്റി പവറും ഹസൻ അല്ലാം യൂടിലിറ്റീസും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. 10ജിഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് തീരപ്രദേശങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനാണ് കരാർ.
യു.എ.ഇ കാലാവസ്ഥാ വകുപ്പിന്റെ പ്രത്യേക പ്രതിനിധിയും നവീന ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ഈജിപ്ത് വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി ഡോ. മുഹമ്മദ് ശാക്കർ അൽ-മർകബിയുമാണ്ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പുനരുപയോഗ ഊർജമേഖലയിലെ ഇരു രാജ്യങ്ങളുടെയും അഭിലാഷമാണ് പദ്ധതിയിലൂടെ പൂർത്തിയാകുന്നതെന്ന് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 47,790 ജിഗാവാട്ട് മണിക്കൂർ നിർമല ഊർജ്ജം ഉത്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇത് 23.8 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കുകയും പരിസ്ഥിതിക്ക്ഗുണം ചെയ്യുകയും ചെയ്യും.