UAE
UAE to hand over government schools to private sector for temporary management
UAE

28 സർക്കാർ സ്കൂളുകൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക്​ കൈമാറാൻ യുഎഇ

Web Desk
|
6 March 2023 7:45 PM GMT

മൂന്ന്​ വർഷത്തേക്കാണ്​ സ്കൂളുകൾ വിട്ടുനൽകുക

യു.എ.ഇയിലെ 28 സർക്കാർ സ്കൂളുകൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക്​ കൈമാറും. മന്ത്രിസഭ യോഗത്തിൽ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. മൂന്ന്​ വർഷത്തേക്കാണ്​ സ്കൂളുകൾ വിട്ടുനൽകുക.

നേരത്തെ പ്രഖ്യാപിച്ച അൽ അജ്​യാൽ പദ്ധതിയുടെ ഭാഗമായാണ്​ പ്രഖ്യാപനം. സർക്കാർ സ്കൂളുകളിൽ കൂടുതൽ സ്വദേശികൾക്ക്​സൗജന്യ വിദ്യാഭ്യാസത്തിന്​ അവസരം നൽകുന്ന പദ്ധതിയാണ്​ അജ്​യാൽ. നിശ്​ചിത എണ്ണം വിദേശ വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശനം നൽകും.

കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 28 സ്കൂളുകൾ സ്വകാര്യ മേഖലക്ക്​ കൈമാറുന്നത്​. സ്വകാര്യ മേഖലയിലെ വിദഗ്ദരുടെ സേവനം ഇതുവഴി സർക്കാർ സ്കൂൾ കുട്ടികൾക്കും ലഭ്യമാകും. വർഷത്തിൽ 10 സ്കൂളുകൾ എന്ന രീതിയിലായിരിക്കും തുറക്കുക.

വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്ക്കാരത്തിന്‍റെ ഭാഗമായാണ്​ സ്കൂളുകൾ കൈമാറുന്നത്​. മൂന്ന്​ വർഷത്തിനകം 14,000 പൗരൻമാർക്ക്​ കൂടുതൽ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ്​ ലക്ഷ്യം. അജ്​യാൽ പദ്ധതി പ്രകാരം രണ്ട്​ സിലബസുകൾ കൂടിച്ചേരുന്നതിനാൽ വിദ്യാർഥികൾക്ക്​ കൂടുതൽ വൈവിധ്യങ്ങൾ ഉൾക്കൊള്ളാനും അടുത്തറിയാനും കഴിയും. പ്രാദേശിക സിലബസിൽ അറബിക്, ഇസ്​ലാമിക് എജ്യുക്കേഷൻ, മോറൽ എജ്യുക്കേഷൻ, സോഷ്യൽ സ്റ്റഡീസ് എന്നിവ നിർബന്ധമാണ്​. അന്താരാഷ്ട്ര സിലബസിൽ സയൻസ്​, മാത്​സ്​ പോലുള്ളവക്കായിരിക്കും പ്രാമുഖ്യം.

അതേസമയം, അടുത്ത മൂന്ന്​ അധ്യയന വർഷത്തേക്കുള്ള കലണ്ടറിനും അംഗീകാരം നൽകി. ഇത്​ പ്രകാരം ഓരോ സ്കൂളിലും അധ്യയന വർഷത്തിൽ 182 പഠന ദിവസങ്ങളുണ്ടായിരിക്കണം.

Similar Posts