പെരുന്നാൾ ദിനങ്ങളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി യു.എ.ഇ; ദുബൈയിൽ 120 പട്രോളിങ് സംഘങ്ങൾ
|കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാനും, അപകടം കുറക്കാനും ശക്തമായ സംവിധാനങ്ങളുണ്ടാകും
പെരുന്നാൾ ദിവസങ്ങളിൽ യു.എ.ഇ നഗരങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നു. അപകടം കുറക്കാനും, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാനും ശക്തമായ സംവിധാനങ്ങളുണ്ടാകും. പെരുന്നാൾ ദിവസങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പെരുന്നാളിനോട് അനുബന്ധിച്ച് പൊതുസ്ഥലത്തും സ്വകാര്യയിടങ്ങളിലും ഒത്തുകൂടരുത് എന്നാണ് അബൂദബി ദുരന്തനിവാരണ സമിതിയുടെ നിർദേശം.
ഒത്തുചേരൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാക്കണം. പെരുന്നാൾ സമ്മാനങ്ങളും, കുട്ടികൾക്ക് പണവും നേരിട്ട് കൈമാറരുത്. ബാങ്കിങ് ഇടപാടുകൾ ഓൺലൈൻ വഴിയാക്കണം. പ്രായമേറിയവരും, രോഗികളും പുറത്ത് യാത്രചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ദുബൈ നഗരത്തിൽ ആറ് ദിവസവും ശക്തമായ പൊലീസ് നിരീക്ഷണമുണ്ടാകും.
ദുബൈയുടെ വിവിധ ഭാഗങ്ങളിൽ 120 പട്രോളിങ് സംഘങ്ങളെ നിയോഗിക്കും. പ്രമുഖ മാളുകളിലും, താമസമേഖലകളിലും പൊലീസ് സംഘമുണ്ടാകും. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അവധി ദിനങ്ങളിൽ അവരുടെ സന്തോഷം ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഉന്നത പൊലീസ് അധികൃതർ പറഞ്ഞു. ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ വേഗത കുറക്കണമെന്നും റോഡ് മുറിച്ചുകടക്കുേമ്പാൾ കാൽനടക്കാർ സൂക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചു.