'സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കണം'; ദ്വിരാഷ്ട്ര പരിഹാരത്തിന് ശ്രമം വേണമെന്ന് യു.എ.ഇ
|ഗസ്സയിലെ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും തുടരുമെന്ന് യു.എ.ഇ
ദുബൈ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ അന്തർദേശീയ സമൂഹം സന്നദ്ധമാകണമെന്ന് യു.എ.ഇ. ഇപ്പോൾ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ സ്ഥിരം സ്വഭാവത്തിലേക്ക് മാറ്റാൻ നയതന്ത്രനീക്കം അനിവാര്യമാണെന്നും യു.എ.ഇ അഭിപ്രായപ്പെട്ടു.ഗസ്സയിലെ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും യു.എ.ഇ തുടരുമെന്നും അറിയിച്ചു.
ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് ഇസ്രായേലും ഹമാസും അംഗീകാരം നൽകിയത് യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത ഖത്തർ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങളുടെ നീക്കത്തെ യുഎ.ഇ അഭിനന്ദിച്ചു. നിലവിലെ കരാർ പ്രകാരം തടസം കൂടാതെ ഗസ്സയിൽ ജീവകാരുണ്യ വസ്തുക്കൾ എത്തിക്കാൻ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
1967ലെ അതിർത്തികൾ അടിസ്ഥാനമാക്കിയും കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കിയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനുള്ള ചർച്ചകളിലേക്ക് മടങ്ങണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള നീക്കങ്ങളെ പിന്തുണക്കും. യു.എൻ, റെഡ് ക്രോസ് എന്നിവയുമായി ചേർന്ന് സഹായം ഉറപ്പാക്കുന്ന യത്നം തുടരുമെന്നും യു.എ.ഇ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിലും രാജ്യത്തിന്‍റെ നിലപാട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കിയിരുന്നു. അതിനിടെ, ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതും പരിക്കേറ്റവരെ ചികിൽസിക്കുന്നതുമടക്കം വിവിധ പദ്ധതികൾ യു.എ.ഇ നടപ്പിലാക്കി വരികയാണ്.
Summary: UAE urges international community to take immediate action to realize independent Palestinian state