ഗസ്സയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ലോകം ഒന്നിച്ചുപ്രവർത്തിക്കണമെന്ന് യു.എ.ഇ
|ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഈജിപ്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർത്തത്.
ഗസ്സ സിറ്റി: സംഘർഷം അവസാനിപ്പിക്കാൻ ലോകം ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന വിവിധ രാഷ്ട്രത്തലവൻമാർ പങ്കെടുത്ത സമാധാന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഈജിപ്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർത്തത്. സിവിലിയൻമാരെ സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ മുൻഗണന നൽകണമെന്ന് യു.എ.ഇ പ്രസിഡൻറ് ആവശ്യപ്പെട്ടു.
വെടിനിർത്തലിനും ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനും അടിയന്തിര നടപടികൾ വേണം. സംവാദം, സഹകരണം, സഹവർത്തിത്വം എന്നിവയാണ് സമാധാനത്തിലേക്കുള്ള ഏക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലേക്ക് ആദ്യഘട്ട ദുരിതാശ്വാസ വസ്തുക്കൾ റഫ അതിർത്തി മുഖേന കടന്നുപോയതിനെ തുടർന്നായിരുന്നു ഉച്ചകോടിക്ക് തുടക്കം.
ഈജിപ്ത്യൻ പ്രസിഡന്റ്അബ്ദുൽ ഫത്ത അൽ സീസി, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ തുടങ്ങിയ പശ്ചമേഷ്യൻ രാഷ്ട്രത്തലവൻമാരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികളും ഉച്ചകോടിക്കെത്തി.
കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ജി.സി.സി-ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിയിലും ശൈഖ് മുഹമ്മദ് പങ്കെടുത്തിരുന്നു. വൻതോതിൽ ജീവകാരുണ്യ ഉൽപന്നങ്ങൾ ഗസ്സക്ക് വേണ്ടി സമാഹരിക്കാനും യു.എ.ഇ മുന്നിലുണ്ട്.