UAE
കള്ളപ്പണം വെളുപ്പിക്കലിനെതിരെ യു.എ.ഇ; ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്
UAE

കള്ളപ്പണം വെളുപ്പിക്കലിനെതിരെ യു.എ.ഇ; ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

Web Desk
|
28 July 2021 5:54 PM GMT

കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്ന സാമ്പത്തികേതര സ്ഥാപനങ്ങള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.

കള്ളപ്പണം വെളുപ്പിക്കലിനെതിരെ നിലപാട് കടുപ്പിച്ച് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ കടുത്ത നടപടിയുണ്ടാകുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. വിവാദ ഇടപാടുകള്‍ കണ്ടെത്തയാല്‍ 24 മണിക്കൂറിനുള്ളില്‍ നടപടി ഉറപ്പാക്കണം.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്കു സഹായം നല്‍കല്‍ എന്നിവ തടയാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ യു.എ.ഇ കടുത്ത നടപടി സ്വീകരിച്ചിരുന്നു. 18 ദശലക്ഷം ദിര്‍ഹം കണ്ടുകെട്ടുകയും ചെയ്തു.

കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്ന സാമ്പത്തികേതര സ്ഥാപനങ്ങള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിക്കും. യു.എ.ഇ വിദേശകാര്യ, രാജ്യാന്തര മന്ത്രാലയത്തിനു ചുവടെ ആന്റി മണി ലോണ്ടറിങ് ആന്‍ഡ് കൗണ്ടറിങ് ദ് ഫിനാന്‍സിങ് ഓഫ് ടെററിസം എന്ന ഓഫീസും സജീവമാണ്.

സാമ്പത്തിക ഇടപാടുകള്‍ നടക്കുമ്പോള്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ധനകാര്യ സ്ഥാപനങ്ങളെ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഓര്‍മിപ്പിച്ചു.

Related Tags :
Similar Posts