UAE
യു.എ.ഇ പൊതുമാപ്പ് നീട്ടില്ല, എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ നാടുവിടണം; മുന്നറിയിപ്പുമായി അധികൃതർ
UAE

യു.എ.ഇ പൊതുമാപ്പ് നീട്ടില്ല, എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ നാടുവിടണം; മുന്നറിയിപ്പുമായി അധികൃതർ

Web Desk
|
7 Oct 2024 1:09 PM GMT

പൊതുമാപ്പിന് ശേഷം പിടികൂടി നാടുകടത്തുന്നവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു

ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണം. അല്ലാത്തവരെ പിടികൂടി നാടുകടത്തും. ഇവർക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും ഫെഡറൽ അതോറിറ്റി വ്യക്തമാക്കി. ഈമാസം 31 വരെയാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

വിസ നിയമം ലംഘിച്ച് യു.എ.ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും, രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും ഈ കാലയളവരിൽ അവസരമുണ്ടാകും. നാട്ടിലേക്ക് മടങ്ങാൻ എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം സ്വന്തം നാട്ടിലേക്ക് പോകണം എന്നായിരുന്നു നേരത്തേ നിയമം. പിന്നീട് ഒക്ടോബർ 31 വരെ അതിന് സമയം നീട്ടി നൽകി. എക്‌സിറ്റ് പെർമിറ്റ് ലഭിച്ച ഏഴായിരത്തോളം പേരിൽ പലരും നാട്ടിലേക് മടങ്ങാത്ത സാഹചര്യത്തിലാണ് അധികൃതർ കർശന നിർദേശം നൽകിയത്.

പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ നിയമതടസമുണ്ടാവില്ല. എന്നാൽ, പൊതുമാപ്പിന് ശേഷം പിടികൂടി നാടുകടത്തുന്നവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. ഇവർക്ക് കോടതികൾ പോലും ഇളവ് നൽകില്ല. ഒക്ടോബർ 31 ന് ശേഷം അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന കർശനമാക്കുമെന്നും ICP റെസിഡൻസ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ നുഐമി പറഞ്ഞു.


Related Tags :
Similar Posts