യുഎഇയുടെ അൽ നിയാദി ബഹിരാകാശത്തേക്ക്; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
|ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട യു.എ.ഇയുടെ മറ്റൊരു ചുവടുവെപ്പ് കൂടിയായിരിക്കും ഇത്
യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ യാത്ര അടുത്ത മാസം 26ന് നടക്കും. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ദിവസമാണ് നിയാദി അന്തിമ പരിശീലനം പൂർത്തിയാക്കിയത്. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട യു.എ.ഇയുടെ മറ്റൊരു ചുവടുവെപ്പ് കൂടിയായിരിക്കും ഇത്.
ഫെബ്രുവരി 26ന് സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ യാത്ര യാഥാർഥ്യമാകുമെന്ന് നാസയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരി 19നായിരുന്നു നേരത്തെ യാത്രക്ക്പദ്ധതിയിട്ടിരുന്നത്. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം യാത്ര ഒരാഴ്ച കൂടി ദീർഘിപ്പിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യു.എസിലെ സ്‌പേസ് എക്സിലായിരുന്നു നിയാദിയുടെയും സംഘത്തിന്‍റെയും പരിശീലനം.
ഏകദേശം 4000ഓളം സ്വദേശികളിൽ നിന്നാണ് നിയാദിയെ ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുത്തത്.. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് പ്രത്യേക പേടകത്തിലാണ് നിയാദിയുടെയും സംഘത്തിന്‍റെയും കുതിപ്പ്. ബഹിരാകാശത്ത് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11-ാമത്തെ രാജ്യമായി യു.എ.ഇ മാറും. ബഹിരാകാശ നിലയത്തിൽ ദീർഘ നാൾ ചെലവിടുന്ന ആദ്യ അറബ്പൗരൻ കൂടിയായി സുൽത്താൻ അൽ നിയാദി മാറും എന്നാണ് പ്രതീക്ഷ.