ഫലസ്തീനു പിന്തുണ തുടരുമെന്ന് വ്യക്തമാക്കി യു.എ.ഇ
|ഫലസ്തീൻ പ്രശ്നം അറബിയുടെയും മുസ്ലിമിന്റെയും ശരിയായ ധാർമികമൂല്യങ്ങൾ സൂക്ഷിക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയിൽ നിലനിൽക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു
ദുബൈ: ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്ന് വ്യക്തമാക്കി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിൽ ആരംഭിച്ച അറബ് സ്ട്രാറ്റജിക് ഫോറം 2024ൽ പങ്കെടുത്ത ശേഷം എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയെ കെട്ടിപ്പടുക്കുന്നതിന് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
പുതുവർഷത്തിൽ മേഖലയുടെ സാമ്പത്തിക, രാഷ്ട്രീയ ഭാവിയെ മുൻകൂട്ടിക്കാണുകയാണ് അറബ് സ്ട്രാറ്റജിക് ഫോറം ലക്ഷ്യംവെക്കുന്നത്. നമ്മുടെ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും പരിശ്രമങ്ങൾ ഏകീകരിക്കുകയും വിവിധ വിഭാഗങ്ങളുമായി സഹകരണത്തിന്റെ പാലങ്ങൾ നിർമിക്കുകയും വേണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. തുടർന്നാണ് ഫലസ്തീൻ വിഷയത്തിൽ വ്യക്തമായ നിലപാട് അദ്ദേഹം കുറിച്ചത്.
ഫലസ്തീൻ പ്രശ്നം അറബിയുടെയും മുസ്ലിമിന്റെയും ശരിയായ ധാർമികമൂല്യങ്ങൾ സൂക്ഷിക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയിൽ നിലനിൽക്കും. സമാധാനത്തിനുവേണ്ടി ആഗ്രഹിച്ചുകൊണ്ട്, സഹോദരങ്ങളായ ഫലസ്തീനി ജനതക്കുവേണ്ടിയുള്ള പിന്തുണ തുടരുകയും ചെയ്യും-അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ആരംഭിച്ച ഒക്ടോബർ മുതൽ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി വിവിധ പദ്ധതികൾ യു.എ.ഇ നടപ്പാക്കിവരുന്നുണ്ട്. ഇതിനകം 150ഓളം വിമാനങ്ങളിലായി ടൺ കണക്കിന് ഭക്ഷണവും മെഡിക്കൽ, റിലീഫ് വസ്തുക്കളും അടക്കം ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്. 'ഗാലൻറ് നൈറ്റ് 3' എന്നു പേരിട്ട ജീവകാരുണ്യ ഓപറേഷന്റെ ഭാഗമായി ഗസ്സയിൽ ഫീൽഡ് ആശുപത്രിയും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും ഒരുക്കിയിട്ടുമുണ്ട്.
Summary: UAE's Sheikh Mohammed bin Rashid Al Maktoum promises continuous support for Palestine