യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ: ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
|താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്
ദുബൈ: രാജ്യത്തെ തുടരെയുള്ള കാലാവസ്ഥ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും തണുപ്പ് കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ശൈത്യവും മഴയും ഉണ്ടാകും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണം. വാദികളിൽ നിന്നും വെള്ളം ഒഴുകുന്ന സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഞായറാഴ്ച രാജ്യത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഫുജൈറയിലും ദിബ്ബയിലും അൽഐനിലെ ചിലയിടങ്ങളിലും രാവിലെ മുതൽ മഴക്ക് സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയിൽ സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തിറക്കി. വെള്ളിയാഴ്ച ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റുകളിൽ വിവിധ സ്ഥലങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. രാവിലെ മുതൽ മേഘാവൃതമായ സാഹചര്യമായിരുന്നു മിക്കയിടങ്ങളിലുമുണ്ടായിരുന്നത്. വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാഴ്ച മങ്ങുന്നതിനാൽ വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കണമെന്നും അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.