UAE
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അബൂദബിയിലെത്തി
UAE

യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അബൂദബിയിലെത്തി

Web Desk
|
28 Sep 2021 5:39 PM GMT

യമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ജേക്ക് സുള്ളിവ​ന്‍റെ ഗള്‍ഫ് സന്ദര്‍ശനം.

യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അബൂദബിയിലെത്തി. യമൻ യുദ്ധം, ഇറാൻ ആണവ പദ്ധതി, അഫ്​ഗാനിസ്ഥാൻ സാഹചര്യം ഉൾപ്പെടയുള്ള വിഷയങ്ങളിൽ ഗൾഫ്​ രാജ്യങ്ങളുമായി ചർച്ച നടത്താനാണ് സുള്ളിവൻ അബുദബിയിലെത്തിയത്. മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ ശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്ന യു.എസ്​ പ്രസിഡൻറ്​ബൈഡന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സുള്ളിവന്‍റെ സന്ദർശനം.

അബൂദബി കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ് ബിൻ സായിദുമായി യു.എസ്​ സുരക്ഷാ ഉപദേഷ്​ടാവ്​ ചർച്ച നടത്തി. വിവിധ മേഖലകളില്‍ യു.എസ്​- യു.എ.ഇ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്​ ഇരുവരും നിലപാടുകൾ പങ്കുവെച്ചു. യു.എ.ഇ സുരക്ഷാ ഉപദേഷ്​ടാവ് ശൈഖ്​ താനൂന്‍ ബിന്‍ സായിദും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. അബൂദബി അല്‍ ഷാത്തി കൊട്ടാരത്തിലായിരുന്നു ചർച്ച. ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്, അബൂദബി എയര്‍പോര്‍ട്ട് കമ്പനി ചെയര്‍മാന്‍ ശൈഖ്​ മുഹമ്മദ് ബിന്‍ ഹമദ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി ഷംസി, യു.എ.ഇയുടെ യു.എസ്. അംബാസഡര്‍ യൂസുഫ് അല്‍ ഒതൈബ, കിരീടാവകാശിയുടെ അബൂദബി കോടതിയിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ മസ്‌റൂയി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

യമനിലെ യു.എസ് നയതന്ത്രപ്രതിനിധി ടിം ലെന്‍ഡര്‍ കിങ്, പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ദേശീയ സുരക്ഷാ കൗണ്‍സിലി​ന്‍റെ കോ-ഓഡിനേറ്റര്‍ ബ്രെറ്റ് മകഗര്‍ക്ക് എന്നിവരും ജേക്കിനെ അനുഗമിക്കുന്നുണ്ട്. യമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ജേക്ക് സുള്ളിവ​ന്‍റെ ഗള്‍ഫ് സന്ദര്‍ശനം.

Related Tags :
Similar Posts