കനത്ത മഴയിൽ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങൾ
|അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു
ദുബൈ: കനത്ത മഴയിൽ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങൾ. ഫുജൈറയിലും റാസൽഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. സുരക്ഷ മുൻനിർത്തി റാസൽഖൈമയിലെയും മറ്റും ടൂറിസ്റ്റ് കേന്ദ്രങ്ങൾ തൽക്കാലം അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. ഫുജൈറ, ഉമ്മുൽഖുവൈൻ, ദുബൈയിലെ ഹത്ത, ഖോർഫക്കാൻ, കൽബ, റാസൽഖൈമ, ഷാർജയുടെയും അബൂദബിയിലെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കടുത്ത ചൂടിന് ശമനമായി മഴ ലഭിച്ചത്. ചിലയിടങ്ങളിൽ ശക്തമായ കാറ്റും വീശിയടിച്ചു. എന്നാൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിലും റാസൽഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.
അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യമെമ്പാടും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ദുബൈ, അബൂദബി അടക്കമുള്ള പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. രാജ്യത്ത് താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച റാസൽഖെമയിലെ ജബൽജൈസിൽ 17 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഫുജൈറയിലെ മലയോര മേഖലകളിൽ കനത്ത വെള്ളച്ചാട്ടം തന്നെ രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.