കാറിനുള്ളിൽ തന്നെ ഇരുന്ന് പാർക്കിങ് പിഴ ഒഴിവാക്കുന്നവർക്ക് മുന്നറിയിപ്പ്
|യു.എ.ഇയിലെ വാഹനമോടിക്കുന്നവരിൽ ചിലർ പാർക്കിങ് ഇടങ്ങളിലെ പിഴയിൽനിന്ന് രക്ഷ നേടാനായി ചില പൊടിക്കൈകളൊക്കെ പ്രയോഗിക്കാറുണ്ട്. അത്തരത്തിലൊന്നാണ് കാറിനുള്ളിൽ തന്നെ ഇരുന്ന് പാർക്കിങ് പിഴ ഒഴിവാക്കാനുള്ള ശ്രമം. എന്നാൽ അത്തരക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.
വാഹനങ്ങൾ പെയ്ഡ് സോണുകളിൽ പാർക്ക് ചെയ്യുകയും പണം നൽകാതെ ഉള്ളിൽ തന്നെ മറ്റു ആവശ്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നതിനെതിരെയാണ് ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അത്തരക്കാർ പാർക്കിങ് ഫീ അടയ്ക്കുന്നതിൽനിന്ന് ഒഴിവല്ലെന്നും നിയമലംഘനം നടത്തിയാൽ കൂടുതൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
പണമടക്കാതെ പാർക്ക് ചെയ്യുന്നവർ പിന്നീട് 150 ദിർഹം പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ് ഷാർജ മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ പറയുന്നത്. നിശ്ചിത സമയത്തിനപ്പുറം കൂടുതൽ പണമടക്കാതെ വാഹനം പാർക്ക് ചെയ്താൽ 100 ദിർഹമാണ് പിഴ ചുമത്തുക. കൂടാതെ വിലാംഗർക്കും മറ്റുമായി സംവരണം ചെയ്ത സ്ഥലങ്ങളിൽ സാധാരണക്കാർ പാർക്ക് ചെയ്യുന്നതും ഗുരുതരമായ കുറ്റമാണ്, അതിന് 1,000 ദിർഹം വരെയുമാണ് പിഴ ലഭിക്കുക.