ദുബൈയിൽ വെറ്റെക്സ് പ്രദർശനം തുടങ്ങി; പങ്കെടുക്കുന്നത് ജല, ഊർജ മേഖലയിലെ പ്രമുഖ കമ്പനികൾ
|രണ്ടു ദിവസം നീളുന്ന മേളയിൽ ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും
ലോകമെമ്പാടുമുള്ള ജലം, ഊർജം, പരിസ്ഥിതി മേഖലയിലെ സ്ഥാപനങ്ങൾ സംഗമിക്കുന്ന വെറ്റെക്സ് പ്രദർശനത്തിന് ദുബൈയിൽ തുടക്കമായി. രണ്ടുദിവസം നീളുന്ന മേളയിൽ ഈരംഗത്തെ നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കും. ദുബൈ വേൾഡ് ട്രേഡ് സെന്റററിലാണ് വെറ്റെക്സ് പ്രദർശനം പുരോഗമിക്കുന്നത്. ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
സുസ്ഥിര വികസനം ലക്ഷ്യമിടുന്ന വാട്ടർ, എനർജി, ടെക്നോളജി, ആൻഡ് എൻവയോൺമെൻറൽ എക്സിബിഷൻ ഈമാസം 29ന് സമാപിക്കും. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് മേളയുടെ സംഘാടകർ. 55 രാജ്യങ്ങളിലെ 1750 കമ്പനികൾ പങ്കെടുക്കുന്നുണ്ട്. 20 രാജ്യങ്ങളുടെ പവലിയനുകൾ അണിനിരക്കുന്ന മേളയിൽ നിരവധി രാജ്യാന്തര കരാറുകൾ ഒപ്പുവെക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും വെറ്റെക്സിലുണ്ടാവും. ദുബൈ ആർ.ടി.എ, ഇനോക്, അക്വ പവർ, സീമൻസ്, ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി, എ.ജി പവർ, മസ്ദർ, ഡി.പി വേൾഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പവലിയനുകളുമായി മേളയിലുണ്ട്. ആർ.ടി.എയുടെ പുതിയ ഇലക്ട്രിക് കാറുകൾ, ഇ-കാർ ചാർജ് സ്റ്റേഷൻ, ദേവയുടെ സോളാർ പദ്ധതി തുടങ്ങിയവയെല്ലാം ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
പരിസ്ഥിതി സൗഹൃദമായ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് എങ്ങനെ വൈദ്യുതിയും വെള്ളവും എത്തിക്കാം എന്നതിനെ കുറിച്ച് വിശദമാക്കുന്ന നിരവധി സെഷനുകൾ നടക്കും. ഇന്ത്യൻ കമ്പനികളും വെറ്റെക്സിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ പവലിയൻറെ ഉദ്ഘാടനം ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ജനറൽ ഡോ. അമൻ പുരി നിർവഹിച്ചു.