ആരവമൊഴിഞ്ഞ ദുബൈ എക്സ്പോ നഗരിക്കെന്ത് സംഭവിച്ചു..? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
|പൂർണ്ണമായും 5G നെറ്റ്വർക്ക് സൗകര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദേശമായിരിക്കും എക്സ്പോ സിറ്റിയെന്നാണ് അധികൃതർ ഉറപ്പുനൽകുന്നത്
കഴിഞ്ഞ മാർച്ച് അവസാനത്തോടെ ആറുമാസം നീണ്ടുനിന്ന എക്സ്പോ2020 അവസാനിച്ചപ്പോൾ തെല്ലൊരു സങ്കടത്തോടെയാണ് പലരും അത്യപൂർവ അനുഭവങ്ങൾ പകർന്ന എക്സപോ നഗരിയോട് വിടപറഞ്ഞത്.
എന്നാൽ സങ്കടപ്പെടാൻ വരട്ടെ, ഇത്രയും നവീന സൗകര്യങ്ങളോടെ സജ്ജീകരിച്ച എക്സ്പോ നഗരിയെ അങ്ങനെയങ്ങ് വിട്ടുകളയുന്നവരാണോ ദുബൈ ഭരണാധികാരികൾ..? ഒരിക്കലുമല്ല, ഈ വരുന്ന ഒക്ടോബറിൽ എക്സ്പോ സിറ്റിയായി തുറക്കാൻ പോവുകയാണ് ഈ പ്രദേശം. മുൻപ് ഡിസ്ട്രിക്റ്റ്2020 എന്നാണ് പേരിട്ടിരുന്നതെങ്കിലും, ഈ നഗരം ഇനി എക്സ്പോ സിറ്റി എന്ന പേരിലറിയപ്പെടുമെന്ന് ജൂണിൽ ദുബൈ ഭരണാധികാരികൾ പ്രഖ്യാപിച്ചിരുന്നു.
ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന, പുതിയ എക്സ്പോ സിറ്റിയെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ ചുവടെ വായിക്കാം.
സംമ്പൂർണ ഗ്രീൻ സോൺ
വൃത്തിയും പ്രകൃതി സൗഹൃദവുമായി സൂക്ഷിക്കാനാവശ്യമായതെല്ലാം എക്സ്പോ സിറ്റിയിൽ സാധ്യമാക്കും. കൂടുതൽ സുസ്ഥിര നഗരമാക്കി നിലനിറുത്താനായി എക്സ്പോ സിറ്റിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗതസൗകര്യങ്ങൾ ലഭ്യമാക്കാനാവശ്യമായവയെല്ലാം നടപ്പിലാക്കും. ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ, കാൽനടയാത്ര ഇവയ്ക്കായിരിക്കും നഗരത്തിൽ കൂടുതൽ പ്രാധാന്യം. അതുപോലെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽനിന്നും എക്സ്പോ സിറ്റിയെ മുക്തമാക്കും.
ഫ്രീ സോൺ
എക്സ്പോ സിറ്റിയെ ദുബൈയിലെ മറ്റൊരു ഫ്രീ സോൺ ഏരിയയായി ഉപയോഗപ്പെടുത്തും. വിദേശ നിക്ഷേപകർക്കും പ്രവാസികൾക്കും ബിസിനസുകളുടെ പൂർണ്ണ ഉടമസ്ഥാവകാശമായിരിക്കും ഇത്തരം ഫ്രീസോണുകളുടെ പ്രത്യേകത. നിലവിൽ യു.എ.ഇയിൽ നാൽപ്പതിലധികം ഫ്രീ സോണുകളാണുള്ളത്.
എക്സ്പോയിലെ ചില ആകർഷണങ്ങൾ അതേപടി നിലനിർത്തും
എക്സ്പോ 2020ൽ എല്ലാവരേയും ഏറ ആകർഷിച്ചതും ഇഷ്ടപ്പെട്ടതുമായ ചില ആകർഷണങ്ങളും പവലിയനുകളും എക്സ്പോ സിറ്റിയിലും അതേപടി നിലനിറുത്തും. എക്സ്പോ 2020ലെ നിർമാണങ്ങളുടെ 80 ശതമാനത്തിലധികവും എക്സ്പോ സിറ്റിയിലുമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എ.ഇ പവലിയൻ, സൗദി പവലിയൻ, വുമൺസ് പവലിയൻ, വിഷൻ പവലിയൻ, അലിഫ്-മൊബിലിറ്റി പവലിയൻ, ടെറ, സസ്റ്റൈനബിലിറ്റി പവലിയൻ എന്നിവയെല്ലാം എക്സ്പോ സിറ്റിയിൽ തുടർന്നുമുണ്ടാകും.
ലക്സംബർഗ്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇന്ത്യ, മൊറോക്കോ, ഈജിപ്ത് പവലിയനുകളുടെ പുനർനിർമ്മിച്ച പതിപ്പുകളായിരിക്കും നിലനിറുത്തുന്ന മറ്റ് പവലിയനുകൾ. ഓപ്പർച്യുണിറ്റി പവലിയൻ എക്സ്പോ 2020 ദുബൈ മ്യൂസിയമായി മാറും.
ചരിത്രമായി മാറിയ അൽ വാസൽ പ്ലാസ, ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ഗോപുരം, സർറിയൽ വാട്ടർ ഫീച്ചർ എന്നിവ പുതിയ നഗരത്തിൽ തുടർന്നും ഉപയോഗിക്കാനാകും. അനേകം പുതിയ സവിശേഷതകൾക്കൊപ്പം, സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പേരിൽ പുതിയ ഒരു എക്സിബിഷൻ കേന്ദ്രവും ഇവിടെ നിർമ്മിക്കും.
യാത്രാ സൗകര്യം
എക്സ്പോ സിറ്റിയിലേക്കുള്ള സുപ്രധാന യാത്രാമാർഗ്ഗമായിരുന്ന ദുബൈ മെട്രോ സർവിസുകൾ തുടർന്നും ലഭ്യമാകും. എക്സ്പോ 2020 സ്റ്റേഷൻ സജീവമായിതന്നെ പ്രവർത്തിക്കും. പുതിയ നഗരത്തിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും തുടർന്നും മെട്രോ ഉപയോഗിക്കാമെന്ന് സാരം. ഗ്രീൻ നഗരമാണെങ്കിൽകൂടി കാറുകളിലും നഗരത്തിലേക്കെത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ ഒരുക്കും.
കൂടാതെ, പൂർണ്ണമായും 5G നെറ്റ്വർക്ക് സൗകര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദേശമായിരിക്കും എക്സ്പോ സിറ്റിയെന്നാണ് അധികൃതർ ഉറപ്പുനൽകുന്നത്.