UAE
UAE
ടയർ പൊട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്..?
|2 Aug 2022 11:36 AM GMT
കഴിഞ്ഞ വേനൽക്കാലത്ത് യു.എ.ഇയിലെ റോഡുകളിൽ അമിത ചൂടു കാരണമായി ടയർ പൊട്ടിയുണ്ടായ അപകടങ്ങളിൽപെട്ട് 81 പേർ മരിച്ചതായി ഇന്നലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ 943 പേർക്ക് ഇത്തരം അപകടങ്ങളെതുടർന്ന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമെന്നും അത്തരം അപകടങ്ങൾ ഇനിയും കൂടുതൽ സംഭവിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് കൈകൊള്ളേണ്ടതെന്നും 'അപകടങ്ങളില്ലാത്ത ഒരു വേനൽ' എന്ന പേരിൽ സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പിനിടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇനി പറയുന്ന കാര്യങ്ങളിൽ അൽപം ശ്രദ്ധപുലർത്തിയാൽ ഇത്തരം അപകടങ്ങളെ നമുക്ക് ഒരു പരിധി വരെ അകറ്റിനിർത്താനും ജീവൻ പൊലിയുന്നത് തടയാനും സാധിക്കും
- സുരക്ഷിതമല്ലാത്ത ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിലൂടെയാണ് ഇത്തരം അപകടങ്ങൾ വർധിക്കുന്നത്, അതിനാൽ ഡ്രൈവർമാർ തങ്ങളുടെ വാഹനത്തിന്റെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം
- വാഹന സർവിസുകൾ കൃത്യമായ ഇടവേളകളിൽ തന്നെ നടത്തണം
- കേടുപാടുകൾ സംഭവിച്ച ടയറുകൾ നിർബന്ധമായും ഒഴിവാക്കണം
- തേയ്മാനം സംഭവിച്ച ടയറുകൾ യാതൊരു കാരണവശാലും വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കരുത്
- വായു മർദ്ദം കുറഞ്ഞ രീതിയിലോ കൂടുതൽ മർദ്ദത്തോടെയോ ഉപയോഗിക്കുന്നതിന് പകരം കൃത്യമായ അളവിൽ തന്നെ അവ ഉപയോഗിക്കണം
- ചുട്ടുപൊള്ളുന്ന റോഡുകളിലൂടെ അമിത ഭാരമുള്ള വാഹനങ്ങൾ കൂടുതൽ സമയം ഓടിക്കുന്നതും ടയർ പൊട്ടാൻ കാരണമാവും. അതിനാൽ അമിതഭാരം ഒഴിവാക്കണം
- ടയറുകളുടെ നിർമ്മാണ തീയതി, ടയറുകൾക്ക് പരമാവധി താങ്ങാൻ സാധിക്കുന്ന ഭാരം എന്നിവ നോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തണം
- പ്രത്യേകം ശ്രദ്ധിക്കുക, അൽപം പണം ചിലവഴിച്ച് ഗുണമേന്മയുള്ള ടയറുകൾ ഉപയോഗിച്ചാൽ, ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കുകയും ചെറിയ സാമ്പത്തിക ലാഭത്തിനപ്പുറം റോഡുകളിൽ ജീവനുകൾ പൊഴിയുന്നത് തടയാനും സാധിക്കും
- കേടായതോ തേയ്മാനം സംഭവിച്ചതോ ആയ ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്ന കുറ്റമാണ്. കൂടാതെ അത്തരം വാഹനങ്ങൾ ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും