നെയ്മീൻ പിടിക്കാൻ അറിയാമോ? 45 ലക്ഷം രൂപ സമ്മാനം നേടാം
|അബൂദബി ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പാണ് മീൻപിടിത്തം ഹരമാക്കിയവർക്കായി മത്സരം സംഘടിപ്പിക്കുന്നത്
അബൂദബിയിൽ കടലിൽ പോയി നല്ല നെയ്മീൻ അഥവാ കിങ്ഫിഷിനെ പിടിച്ചുകൊണ്ടുവരാൻ കഴിയുന്നവർക്ക് രണ്ട് ലക്ഷം ദിർഹം അഥവാ 45 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ സമ്മാനം നേടാൻ അവസരം. അബൂദബി ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പാണ് മീൻപിടിത്തം ഹരമാക്കിയവർക്കായി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 19 മുതൽ 21 വരെ നടക്കുന്ന മത്സരത്തിൽ പിടിക്കുന്ന മത്സ്യത്തിന്റെ ഭാരം കണക്കാക്കിയാണ് ജേതാക്കളെ തീരുമാനിക്കുക.
രണ്ട് ലക്ഷം ദിർഹം സമ്മാനം നൽകുമ്പോൾ 60 വരെ സ്ഥാനക്കാർക്ക് കാഷ് അവാർഡ് നൽകുമെന്നാണ് സംഘാടകർ അറിയിക്കുന്നത്. മൊത്തം 10 ലക്ഷം ദിർഹമാണ് സമ്മാനത്തുക. താൽപര്യമുള്ളവർക്ക് അബൂദബി സ്‌പോർട്‌സ് കൗൺസിൽ വെബ്‌സൈറ്റിൽ (adsc.ae) ഏപ്രിൽ 15 വരെ പേര് രജിസ്റ്റർ ചെയ്യാം. 200 ദിർഹം രജിസ്‌ട്രേഷൻ ഫീസ് ഈടാക്കും. 16ന് രാവിലെ ഏഴിന് അബൂദബി കരാമയിലെ മുഹമ്മദ് ഖലാഫ് മജ്‌ലിസിൽ മത്സരനിയമങ്ങളെ കുറിച്ച് വിശദീകരിക്കും. 16-18 വരെ ബോട്ടിനുള്ള സ്ഥലം അനുവദിക്കും. 19 ന് അബൂദബി മറൈൻ സ്‌പോർട്‌സ് ക്ലബിന് സമീപത്തെ ബീച്ചിൽ ബോട്ടുകൾ സംഗമിക്കും. ഇന്നർ സ്റ്റിക്കറുകൾ പതിക്കും. രാവിലെ 11 ന് മഞ്ഞക്കൊടി ഉയർത്തുന്നതോടെ ഒരുക്കങ്ങൾ തുടങ്ങും. പച്ചക്കൊടി ഉയർത്തുന്നതോടെ മൂന്ന് ദിവസം നീളുന്ന മീൻപിടിത്ത മത്സരം തുടങ്ങും.