UAE
Winter aid to Gaza by U.A.E
UAE

ഗസ്സക്ക് ശൈത്യകാല സഹായം; ഉത്പന്നങ്ങൾ റഫയിലെത്തിച്ച് യു.എ.ഇ

Web Desk
|
10 Jan 2024 6:39 PM GMT

ശൈത്യകാല വസ്ത്രങ്ങളും പുതപ്പുകളുമടക്കമുള്ള 16ലക്ഷം വസ്തുക്കളുമായി പത്ത് ട്രക്കുകളാണ് അതിർത്തി കടന്നത്

ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് ശൈത്യകാലത്തേക്ക് പ്രത്യേകമായി നൽകുന്ന യു.എ.ഇയുടെ സഹായവസ്തുക്കൾ റഫ അതിർത്തിയിലെത്തി. ശൈത്യകാല വസ്ത്രങ്ങളും പുതപ്പുകളുമടക്കമുള്ള 16ലക്ഷം വസ്തുക്കളുമായി പത്ത് ട്രക്കുകളാണ് അതിർത്തി കടന്നത്. ഗസ്സക്കു വേണ്ടി കൂടുതൽ സഹായം ഉറപ്പാക്കാനുള്ള നീക്കങ്ങളും യു.എ.ഇ ആരംഭിച്ചു.

ഗസ്സയിൽ ശൈത്യകാലം ശക്തമാവുകയും താപനില 8ഡിഗ്രി സെലഷ്യസ് വരെ കുറയുകയും ചെയ്തിരിക്കെയാണ് യു.എ.ഇയുടെ സഹായം. ഘട്ടംഘട്ടമായി വിവിധ ഭാഗങ്ങളിൽ തങ്ങുന്നവർക്ക് ഇവ എത്തിച്ചുനൽകുമെന്ന് വിതരണത്തിന് മേൽനോട്ടം വഹിക്കുന്ന എമിറേറ്റ്‌സ് റെഡ് ക്രസൻറ് അറിയിച്ചു.

'ബി ദേർ വാംത്ത്?' എന്ന തലക്കെട്ടിൽ നടത്തിയ കാമ്പയിനിലൂടെ ശേഖരിച്ച സഹായവസ്തുക്കളാണ് ഗസ്സയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി എത്തിക്കുന്നത് വസ്ത്രങ്ങൾ, ഹീറ്റിങ് ഉപകരണങ്ങൾ, മെഡിക്കൽ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, വിറക് എന്നിവയും കാമ്പയിനിൻറെ ഭാഗമായി സംഭാവന ചെയ്യാവുന്നതാണ്. രാജ്യത്ത് 175 സ്ഥലങ്ങളിലായി റെഡ് ക്രസൻറിന് സഹായവസ്തുക്കൾ ശേഖരിക്കാൻ സംവിധാനങ്ങളുണ്ട്.

ഗസ്സയിലെ ജനങ്ങൾക്ക് യുദ്ധത്തിന്റെ ആരംഭം മുതൽ വിവിധ സഹായങ്ങൾ യു.എ.ഇ നൽകിവരുന്നുണ്ട്. ചികിൽസ, ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിന് യു.എ.ഇ വിവിധ സംവിധാനങ്ങൾക്ക് രൂപം നൽകുകയുണ്ടായി.

ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി അൽ ആരിഷിൽ യു.എ.ഇ വെയർഹൗസ് തുറന്നിട്ടുണ്ട്. യുദ്ധത്തിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് എത്തിക്കേണ്ട വിവധ സഹായ വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കയാണ്. ആവശ്യമനുസരിച്ച് ഗസ്സയിലേക്ക് ഇവിടെ നിന്ന് എത്തിക്കും.

Related Tags :
Similar Posts