യുഎഇയിലെ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി
|മധ്യവേനൽ അവധിയെ തുടർന്ന് അബൂദബി ഒഴികെയുള്ള എമിറേറ്റ്സുകളിലെ വിദ്യാലയങ്ങളിൽ എല്ലാ വിദ്യാർത്ഥികളും ക്ലാസ് മുറികളിൽ എത്തിയിരുന്നു.
യുഎഇയിലെ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നു. ഡിസംബർ 10 മുതൽ മൂന്ന് ആഴ്ചയാണ് അവധി. യുഎഇയിൽ ജനുവരി ഒന്ന് മുതൽ ഞായറാഴ്ചകളിൽ വാരാന്ത്യ അവധി ആയതിനാൽ ശൈത്യകാല അവധിക്ക് ശേഷം 2022 ജനുവരി മൂന്നിനാണ് വിദ്യാലയങ്ങൾ തുറക്കുക.
മധ്യവേനൽ അവധിയെ തുടർന്ന് അബൂദബി ഒഴികെയുള്ള എമിറേറ്റ്സുകളിലെ വിദ്യാലയങ്ങളിൽ എല്ലാ വിദ്യാർത്ഥികളും ക്ലാസ് മുറികളിൽ എത്തിയിരുന്നു. എന്നാൽ, അബൂദബി എമിറേറ്റ്സിൽ എല്ലാ ക്ലാസ്സുകളിലേക്കും നേരിട്ടുള്ള പഠനമോ ഓൺലൈൻ പഠനമോ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അവസരമുണ്ടായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നല്ല ശതമാനം വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ എത്തി. കൃത്യമായ ഇടവേളകളിൽ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും സ്കൂളുകളിൽവെച്ച് സൗജന്യ കോവിഡ് പരിശോധനകളും വിദ്യഭ്യാസ വകുപ്പുകളുടെ തുടർച്ചയായ കർശന പരിശോധനകളും നടക്കുന്നുണ്ട്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി മൂലം അവധിക്കാല യാത്രകൾ വേണ്ടെന്ന് വെച്ചവരുമുണ്ട്. ക്രിസ്മസും പുതുവൽസരവുമൊക്കെ ആഘോഷിക്കാൻ ഈ അവധിക്കാലത്ത് സ്വദേശത്തേക്ക് പോകാറുള്ള രക്ഷിതാക്കളും സ്കൂൾ ജീവനക്കാരുമാണ് പ്രതിസന്ധിയിലായത്. പല കുടുബങ്ങളും യാത്ര വേണ്ടന്ന് വെച്ചിരിക്കുകയാണ്. യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള വിമാന നിരക്കിൽ കുറവ് വന്നിട്ടുണ്ടങ്കിലും ജനുവരി ആദ്യവാരം ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഇപ്പോഴും ഈടാക്കുന്നത്. ഇതും അവധിക്ക് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവരെ പിന്നോട്ടുവലിക്കുന്നു.