റഷ്യക്കും യുക്രെയിനുമിടയിൽ യു.എ.ഇ നടത്തിയ നയതന്ത്രനീക്കത്തെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ
|150 റഷ്യൻ - യുക്രെയ്ൻ തടവുകാരുടെ മോചനത്തിന് മധ്യസ്ഥനീക്കം വഴിതുറന്നു
ദുബൈ: റഷ്യക്കും യുക്രെയിനുമിടയിൽ യു.എ.ഇ നടത്തിയ നയതന്ത്രനീക്കത്തെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ. 150 റഷ്യൻ - യുക്രെയ്ൻ തടവുകാരുടെ മോചനത്തിന് മധ്യസ്ഥനീക്കം വഴിതുറന്നു. വിദേശകാര്യ മന്ത്രാലയമാണ് യുദ്ധത്തടവുകാരുടെ മോചനനീക്കം വിജയിച്ച കാര്യം വെളിപ്പെടുത്തിയത്. ഇരു ഭാഗത്തുനിന്നുമായാണ് തടവുകാർ മോചിപ്പിക്കപ്പെട്ടത്. എന്നാൽ, ഓരോ രാജ്യത്തെയും തടവുകാരുടെയും എണ്ണം പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല.
ഇരുരാജ്യങ്ങളുമായും യു.എ.ഇ പുലർത്തുന്ന ശക്തമായ ബന്ധം ഉപയോഗപ്പെടുത്തിയാണ് മധ്യസ്ഥതക്ക് നേതൃത്വം നൽകിയത്. ഈ വർഷം ആരംഭിച്ചതിനുശേഷം നാലാം തവണയാണ് ഇത്തരമൊരു നീക്കത്തിന് യു.എ.ഇ നേതൃത്വം നൽകുന്നത്. തടവുകാരുടെ കൈമാറ്റം വിജയകരമാക്കുന്നതിന് യു.എ.ഇ മധ്യസ്ഥതയോട് സഹകരിച്ചതിന് റഷ്യൻ ഫെഡറേഷൻറെയും റിപ്പബ്ലിക് ഓഫ് യുക്രെയ്ൻറെയും സർക്കാറുകളോട് മന്ത്രാലയം അഭിനന്ദനം അറിയിച്ചു. യുക്രെയ്‌നിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള തുടർ നീക്കങ്ങൾക്ക് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിൽ മൂന്നുതവണ യുദ്ധത്തടവുകാരുടെ കൈമാറ്റം പൂർത്തിയാക്കുന്നതിൽ യു.എ.ഇയുടെ മധ്യസ്ഥ ശ്രമങ്ങൾ ഈ വർഷം ആദ്യത്തിൽ വിജയിച്ചിരുന്നു. ഇതുമുഖേന 600ഓളം പേരാണ് മോചിതരായത്. 2022 ഡിസംബറിൽ യു.എസും റഷ്യയും തമ്മിൽ രണ്ട് തടവുകാരെ വിജയകരമായി കൈമാറ്റം ചെയ്തതിനും യു.എ.ഇ മധ്യസ്ഥത തുണയായി.