UAE
ലോക സാമ്പത്തിക ഉച്ചകോടി; ഗൾഫ്​ സാമ്പത്തിക സ്ഥിതി വിലയിരുത്തും; ഇന്ത്യൻ സംഘത്തിൽ നിരവധി വ്യവസായികളും
UAE

ലോക സാമ്പത്തിക ഉച്ചകോടി; ഗൾഫ്​ സാമ്പത്തിക സ്ഥിതി വിലയിരുത്തും; ഇന്ത്യൻ സംഘത്തിൽ നിരവധി വ്യവസായികളും

Web Desk
|
14 Jan 2023 5:52 PM GMT

വൻശക്തി രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വളർച്ചാ മാന്ദ്യത്തിന്റെ വ്യാപ്​തി ഉൾപ്പെടെയുളള കാര്യങ്ങൾക്കാകും ഉച്ചകോടിയിൽ ഊന്നൽ.

അബൂദബി: പുതിയ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ലോക സാമ്പത്തിക ഉച്ചകോടി മറ്റന്നാൾ ആരംഭിക്കും. ഗൾഫ്​ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ​ചലനങ്ങളും ഉച്ചകോടി വിലയിരുത്തും. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഉച്ചകോടിയിൽ സംബന്ധിക്കും.

സ്വിറ്റ്സർലൻഡിലെ റിസോർട്ട് നഗരമായ ദാവോസിലാണ്​ ലോക സാമ്പത്തിക ഉച്ചകോടി നടക്കുക. കോവിഡാനന്തര സാഹചര്യം, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ദൗർലഭ്യം, ഊർജ പ്രതിസന്ധി, ഉക്രൈൻ സംഘർഷം ഉൾപ്പെടെ പല വിഷയങ്ങളാണ്​ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫോറം ചർച്ച ചെയ്യുക. വൻശക്തി രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വളർച്ചാ മാന്ദ്യത്തിന്റെ വ്യാപ്​തി ഉൾപ്പെടെയുളള കാര്യങ്ങൾക്കാകും ഉച്ചകോടിയിൽ ഊന്നൽ.

നിലവില വളർച്ചാതോതിലെ ഇടിവ്​ അത്ര വലിയ സാമ്പത്തിക മാന്ദ്യത്തിന്​ കാരണമാകില്ലെന്ന ശുഭാപ്​തി കലർന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.​ സാമ്പത്തിക വിദഗ്​ധരുടെയും ഏജൻസികളുടെയും ഇതു സംബന്ധിച്ച വിലയിരുത്തൽ നിർണായകമായിരിക്കും. എല്ലാ ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘങ്ങൾ ഉച്ചകോടിക്കെത്തും.

130 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രമുഖരാണ് ദാവോസിൽ ഒത്തുചേരുക. ഇന്ത്യൻ സംഘത്തെ കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, സ്മ്രിതി ഇറാനി എന്നിവർ നയിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ, ഊർജ മന്ത്രി ആർ.കെ സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെ, തമിഴ്‌നാട്, തെലങ്കാന മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും.

ഗൗദം അദാനി, കുമാർ മംഗളം ബിർള, സുനിൽ മിത്തൽ, എം.എ. യൂസഫലി, എൻ. ചന്ദ്രശേഖരൻ, അദാർ പൂനാവാല എന്നിവർ ഉൾപ്പെടുന്ന ഇന്ത്യൻ വ്യവസായികളും ദാവോസ്​ ഉച്ചകോടിയിൽ സംബന്ധിക്കും.

Similar Posts