ലോക വീൽചെയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ദുബൈയിൽ
|ഈ മാസം 9ന് മത്സരങ്ങൾ ആരംഭിക്കും
ലോക വീൽചെയർ ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ദുബൈയിൽ നടക്കും. ഈമാസം ഒമ്പത് മുതൽ 20 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് മത്സരങ്ങൾ.
പാരാലിമ്പിക് വേൾഡ് ചാമ്പ്യൻമാർ ഉൾപെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലോകോത്തര താരങ്ങൾ ദുബൈയിലെത്തും. ആദ്യമായാണ് മിഡിലീസ്റ്റിൽ ലോക വീൽചെയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് എത്തുന്നത്.
28 ടീമുകളിലായി 300 താരങ്ങൾ കളത്തിലിറങ്ങും. 16 പുരുഷ ടീമും 12 വനിത ടീമുമുണ്ടാകും. ജൂൺ ഒമ്പതിന് ഗ്രൂപ്പ് 'എ'യിലെ ആദ്യ മത്സരത്തിൽ യു.എ.ഇയും ഇറ്റലിയും ഏറ്റുമുട്ടും. ആദ്യമായാണ് യു.എ.ഇ ടീം ലോക വീൽചെയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ദുബൈ സ്‌പോർട്‌സ് കൗൺസിൽ ചെയർമാനും നിശ്ചയദാർഢ്യ വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ്. ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് ടൂർണമെന്റ് പ്രഖ്യാപിച്ചത്. താനി ജുമാ ബെറെഗാദ്, മാജിദ് അൽ ഉസൈമി, ഖലഫ് ബിൻ അഹ്മദ് അൽ ഹബ്തൂർ, ആസിഫ് അലി ചൗധരി, ഇബ്രാഹിം അൽ ഹമ്മദി എന്നിവർ പങ്കെടുത്തു.