UAE
ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഹൈഡ്രോഫോയില്‍ പറക്കും ബോട്ട് നിര്‍മിക്കാന്‍ ദുബൈ
UAE

ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഹൈഡ്രോഫോയില്‍ 'പറക്കും ബോട്ട്' നിര്‍മിക്കാന്‍ ദുബൈ

Web Desk
|
31 Jan 2022 12:54 PM GMT

ഹരിത സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി ദുബൈയെ മാറ്റുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്നും മീഡിയ ഓഫീസ് അറിയിച്ചു

ദുബൈ: അതിനൂതന സാങ്കേതിക കമ്പനികളെയും സംരംഭങ്ങളേയും ദുബൈയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലോകത്തെ ആദ്യ ഹൈഡ്രജന്‍ പവര്‍ ഹൈഡ്രോഫോയിലായ ജെറ്റ് ദുബൈയില്‍ നിര്‍മ്മിക്കും.

പദ്ധതിക്കായി സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ജെറ്റ് സീറോ എമിഷന്‍ യുഎഇയിലെ സെനിത്ത് മറൈന്‍ സര്‍വീസസ്, ഡ്വിന്‍ എന്നിവയുമായി കരാര്‍ ഒപ്പിട്ടതായി ദുബൈ മീഡിയ ഓഫീസ് ഇന്നലെ അറിയിച്ചു.

ജെറ്റിന്റെ അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് മണിക്കൂറില്‍ 40 നോട്ട് (74 കിലോമീറ്റര്‍) വേഗതയില്‍ വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ബോട്ടില്‍ ഘടിപ്പിച്ച ഫോയിലുകളാണ് അവയെ വെള്ളത്തില്‍ നിന്ന് അല്‍പം ഉയര്‍ത്തി, സുഗമവും ഇന്ധനക്ഷമതയുള്ളതുമായ സവാരി സാധ്യമക്കുന്നത്.

ഒരു ജെറ്റിന് എട്ട് മുതല്‍ 12 യാത്രക്കാരെ വരെ ഉള്‍കൊള്ളാനുള്ള ശേഷിയുണ്ടാകും. കൂടാതെ ബോട്ടില്‍ ഘടിപ്പിച്ച രണ്ട് ഇന്ധന സെല്ലുകളും മറ്റ് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സഹായിക്കും.

ദുബൈയില്‍ ഈ പ്രഖ്യാപനം നടത്തുന്നതിലും സംരംഭം തുടങ്ങുന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ടൈന്നും, ശബ്ദമോ ഉയര്‍ന്ന തിരമാലകളോ ഇല്ലാതെ ജലത്തിന് മുകളില്‍ 80 സെന്റീമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനുള്ള കഴിവുള്ള തരത്തിലാണ് ബോട്ടുകള്‍ നിര്‍മിക്കുകയെന്നും ജെറ്റ് സീറോ എമിഷന്‍ സ്ഥാപകന്‍ അലൈന്‍ തെബോള്‍ട്ട് അറിയിച്ചു.

'ലോകമെമ്പാടുമുള്ള നൂതന സംരംഭകര്‍ക്കും കമ്പനികള്‍ക്കും അവരുടെ പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിനും അവര്‍ ആഗ്രഹിച്ച വിജയം നേടുന്നതിനും അനുയോജ്യമായ സ്ഥലമാണ് ദുബൈ എന്നും മുന്‍ ലോക സെയിലിങ് സ്പീഡ് റെക്കോര്‍ഡ് ഉടമ കൂടിയായ തെബോള്‍ട്ട് പറഞ്ഞു.

ശക്തമായ അടിസ്ഥാന സൗകര്യങ്ങളും സൗഹൃദപരമായ നിക്ഷേപ അന്തരീക്ഷവുമാണ് ദുബൈയെ നൂതന കമ്പനികളുടെ ഇഷ്ടഇടമാക്കി മാറ്റുന്നത്. ഹരിത സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി ദുബൈയെ മാറ്റുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്നും മീഡിയ ഓഫീസ് അറിയിച്ചു.

Similar Posts