UAE
ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബ് ഷാർജയിൽ
UAE

ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബ് ഷാർജയിൽ

Web Desk
|
5 Oct 2022 6:04 PM GMT

ഷാർജ ഇന്ത്യൻ സ്കൂളിലാണ് പൈലറ്റ് പ്രോജക്ട്

ഷാർജ: വിദ്യാഭ്യാരംഭദിനത്തിൽ വിദേശരാജ്യത്തെ ആദ്യ മലയാളം മിഷൻ ക്ലബിന് ഷാർജയിൽ തുടക്കമായി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മലയാളം മിഷൻ ക്ലബ്ബിന്റെ ലോകത്തെ ആദ്യ പൈലറ്റ് പ്രൊജക്ടാണ് ഷാർജ ഇന്ത്യൻ സ്കൂളിൽ ആരംഭിച്ചത്. പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം പഠിക്കാത്തവർക്ക് ഭാഷ പഠിക്കാനും, പി എസ് സി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് യോഗ്യത നേടാനും കോഴ്സുകൾ നൽകുകയാണ് ക്ലബിന്റെ ഉദ്ദേശ്യം. 60 രാജ്യങ്ങളിൽ ഇത്തരം മലയാളം മിഷൻ ക്ലബുകൾ രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിൽ നടന്ന ചടങ്ങിലാണ് ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബിന്റെ പൈലറ്റ് പ്രൊജക്ടിന് തുടക്കമായത്. മലയാളം മിഷൻ ക്ലബ് ഡയറക്ടറും കവിയുമായ മുരുകൻകാട്ടാക്കട പൈലറ്റ് പ്രോജക്ട് ക്ലബ് ഉദ്ഘാടനം ചെയ്തു.

ആഴ്ചയിൽ ഒരുദിവസം നൽകുന്ന ക്ലാസിലൂടെ ക്ലബിലെ പഠിതാക്കൾക്ക് പി എസ് സി അംഗീകരിച്ച നീലകുറഞ്ഞി സിനിയർ ഹയർ ഡിപ്ലോമ എഴുതാനാകും. ഗൾഫിൽ ആദ്യമായി മലയാളം ക്ലാസുകൾക്ക് തുടക്കമിട്ട ഷാർജ ഇന്ത്യൻ സ്കൂളിലാണ് ഈ പദ്ധതിയും ആരംഭിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം ചൂണ്ടിക്കാട്ടി.

മലയാളം മിഷൻ നടത്തിയ സാഹിത്യമൽസരങ്ങളിൽ ആഗോളതലത്തിൽ ഒന്നാമതെത്തിയ ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഋതുപർണയെ ചടങ്ങിൽ ആദരിച്ചു. യു എ ഇ മലയാളം മിഷൻ കെ എൽ ഗോപി, സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ മലയാളത്തിലാണ് സ്വാഗതം പ്രസംഗം നടത്തിയത്.

കുട്ടികൾക്കൊപ്പം മലയാളം കവിതകൾ ചൊല്ലിയും പാട്ടുപാടിയും കവി മുരുകൻ കാട്ടാക്കട ചടങ്ങ് അവിസ്മരണീയമാക്കി. അടുത്തദിവസങ്ങളിൽ ദുബൈ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ മലയാളം മിഷൻ ക്ലബുകൾ നിലവിൽ വരും. മലയാളം മിഷൻ ക്ലബ് പ്രവർത്തനങ്ങൾ യു എ ഇയിൽ ഈർജിതമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

Similar Posts