UAE
ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ ദുബൈയിൽ വരുന്നു
UAE

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ ദുബൈയിൽ വരുന്നു

Web Desk
|
9 Dec 2023 3:49 AM GMT

ദുബൈ മറീനയിലാണ് കെട്ടിടം നിർമിക്കുന്നത്

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമുള്ള നഗരം എന്ന റെക്കോഡിൽ ദുബൈയെ നിലവിൽ ആരും മറികടന്നിട്ടില്ല. കൂടാതെ ആഗോളതലത്തിൽ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ എന്ന റെക്കോഡ് കൂടി ഇനി സാക്ഷാൽ ദുബൈ നഗരം സ്വന്തം പേരിലാക്കാൻ പോവുകയാണ്.



യുഎഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടൻ ഗേറ്റും പ്രശസ്ത സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രാങ്ക് മുള്ളറും തമ്മിൽ സഹകരിച്ചാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

450 മീറ്റർ ഉയരത്തിൽ ദുബൈ നഗരത്തിൻ്റെ ഹൃദയഭാഗത്തുതന്നെയാണ് ഈ വാസ്തുവിദ്യാ വിസ്മയം വരുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യൽ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന നഗരം എന്ന റെക്കോഡിന് കൂടിയാണ് ദുബൈ ഇതിലൂടെ അവകാശിയാകുന്നത്.

ലോകത്തെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യൽ ടവർ എന്ന റെക്കോഡും ഈ കെട്ടിടത്തിന് സ്വന്തമായിരിക്കും. ദുബൈ മറീനയിലാണ് കെട്ടിടം നിർമിക്കുന്നത്.

കഴിഞ്ഞ ദിവസം ലണ്ടൻ ഗേറ്റിന്റെ സിഇഒ എമാൻ താഹയാണ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.

ലണ്ടൻ ഗേറ്റും ഫ്രാങ്ക് മുള്ളറും തമ്മിലുള്ള സഹകരണം ദുബൈ സ്കൈലൈനിലും റിയൽ എസ്റ്റേറ്റ് ലാൻഡ്‌സ്‌കേപ്പിലും ഇതുവരെ കണ്ടിട്ടില്ലാത്ത വികസനങ്ങൾക്ക് വഴിവെക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം.

എന്തായാലും, ആഢംബര കെട്ടിടങ്ങളും ഹോട്ടലുകളും മറ്റു നിർമിതികളുമായി അത്യപൂർവ റെക്കോഡുകളുള്ള നഗത്തിൻ്റെ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽകൂടി ഉടൻ ചേർക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ദുബൈ നിവാസികൾ.

Similar Posts