UAE
wounded and cancer patients from Gaza were brought to Abu Dhabi for treatment
UAE

ഗസ്സയിൽ നിന്ന് പരിക്കേറ്റവരും കാൻസർ ബാധിതരുമായ കൂടുതൽ പേരെ ചികിൽസക്കായി അബൂദബിയിലെത്തിച്ചു

Web Desk
|
6 July 2024 7:43 PM GMT

യു.എ.ഇ ആവിഷ്‌കരിച്ച ജീവകാരുണ്യ പദ്ധതിക്കു കീഴിൽ രാജ്യത്തേക്ക് കൊണ്ടുവരുന്ന പതിനെട്ടാമത് സംഘമാണിത്

അബൂദബി: ഗസ്സയിൽ നിന്ന് പരിക്കേറ്റവരും കാൻസർ ബാധിതരുമായ കൂടുതൽ പേരെ ചികിൽസക്കായി അബൂദബിയിൽ എത്തിച്ചു. യു.എ.ഇ ആവിഷ്‌കരിച്ച ജീവകാരുണ്യ പദ്ധതിക്കു കീഴിൽ രാജ്യത്തേക്ക് കൊണ്ടുവരുന്ന പതിനെട്ടാമത് സംഘമാണിത്. പ്രതികൂല സാഹചര്യത്തിലും ഗസ്സയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രിയും സജീവമാണ്.

യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച 1,000 പരിക്കേറ്റവർക്കും 1,000കാൻസർ രോഗികൾക്കും ചികിൽസ ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ സംഘത്തെ എത്തിച്ചത്. ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് അടിയന്തിര ചികിൽസ ആവശ്യമുള്ളവരും കുടുംബാംഗങ്ങളും അടക്കമുള്ളവരെ അബൂദബിയിൽ കൊണ്ടുവന്നത്. അബൂദബിയിലെത്തിയ അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്കും മാറ്റി.

ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിൽസ നൽകുന്നതിന് പുറമെയാണ് അബൂദബിയിൽ എത്തിച്ചുള്ള ചികിൽസാ പദ്ധതിയും. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായിഭക്ഷണം അടക്കമുള്ള സഹായങ്ങളും യു.എ.ഇ കൈമാറി വരുന്നു.

യു.എ.ഇ പ്രസിഡൻറ് പ്രഖ്യാപിച്ച ഗാലൻറ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം. യു.എ.ഇ എയർഫോഴ്സും ഈജിപ്ഷ്യൻ എയർഫോഴ്സ് വിമാനങ്ങളും സംയുക്തമായി ആകാശമാർഗവും സഹായം എത്തിക്കുന്നുണ്ട്. ദൈംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ് കൂടുതലായും വിതരണം ചെയ്യുന്നത്.ഫലസ്തീനികൾ അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് അൽ ശംസി പറഞ്ഞു.

Similar Posts