ഡബ്ല്യൂടിഒ മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ തുടക്കമായി
|അബൂദബി കിരീടാവകാശി ഉദ്ഘാടനം ചെയ്തു
അബൂദബി: വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ തുടക്കമായി. 160 ലേറെ രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് നാല് ദിവസം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അബൂദബി നാഷണൺ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ മന്ത്രിതല സമ്മേളനം അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനാണ് ഉദ്ഘാടനം ചെയ്തത്. യു.എ.ഇ വിദേശവാണിജ്യ കാര്യ സഹമന്ത്രിയും സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വാഗതം ചെയ്തു.
ആഗോള വാണിജ്യത്തിന്റെ 98 ശതമാനവും നിയന്ത്രിക്കുന്ന രാജ്യങ്ങൾ ഡബ്ല്യൂ ടി ഒ യിൽ അംഗങ്ങളാണ്. ഈമാസം 29 വരെ നീളുന്ന സമ്മേളനത്തിൽ 164 അംഗരാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. നാല് ദിവസത്തെ ചർച്ചകളിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കോമറോസ്, ഈസ്റ്റ് തിമോർ എന്നീ രാജ്യങ്ങളുടെ അംഗത്വും സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2015 ന് ശേഷം ആദ്യമായാണ് WTO യിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നത്. അന്താരാഷ്ട്ര വാണിജ്യ സംവിധാനത്തിന്റെ ഭാഗമാകാനും അന്താരാഷ്ട്രതലത്തിൽ നിക്ഷേപങ്ങൾ നടത്താനും പുതിയ അംഗരാജ്യങ്ങൾ അവസരം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.