ഗസ്സയിലെ കേള്‍വിക്കുറവുള്ളവര്‍ക്ക് സഹായവുമായി യു.എ.ഇയിലെ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍
|കേൾവിശക്തി വീണ്ടെടുക്കാനുള്ള ചികിത്സ അടക്കമുള്ള ബഹുമുഖ പദ്ധതിക്ക് സംഘടന തുടക്കമിട്ടു.
ദുബൈ: യുദ്ധം തകർത്ത ഗസ്സയിലെ കേൾവിക്കുറവുള്ള മനുഷ്യരെ ചേർത്തുപിടിച്ച് യുഎഇയിലെ സന്നദ്ധ സംഘടന. കേൾവിശക്തി വീണ്ടെടുക്കാനുള്ള ചികിത്സ അടക്കമുള്ള ബഹുമുഖ പദ്ധതിക്ക് സംഘടന തുടക്കമിട്ടു.
ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന, അബൂദബി ആസ്ഥാനമായ സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്ൾ ഓഫ് ഡിറ്റർമിനേഷനാണ് ഗസ്സയിലെ കേൾവി പരിമിതരുടെ കൈ പിടിക്കാനെത്തുന്നത്. എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി ചേർന്നാണ് ചികിത്സാ പദ്ധതി നടപ്പാക്കുക.
ലോകത്തുടനീളമുള്ള ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകുന്ന യുഎഇയുടെ പൊതുനയത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത്തരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗം കൂടിയാണ് സംരംഭമെന്ന് സായിദ് ഓർഗനൈസേഷൻ പറയുന്നു.
കാഴ്ചാ, കേൾവി പരിമിതിയുള്ള പതിനയ്യായിരത്തോളം വരുന്ന ഭിന്നേശേഷി സമൂഹം ഗസ്സയിൽ ഉണ്ടായിരുന്നു എന്നാണ് പഠനങ്ങൾ. ഒരു വർഷമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന മിക്ക ഭിന്നശേഷി വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ഭിന്നശേഷിക്കാരിൽ ബഹുഭൂരിഭാഗവും ഇപ്പോൾ റഫയിലെ അഭയാർഥി ക്യാമ്പുകളിലാണ് താമസിക്കുന്നത്.