പ്രതീക്ഷകളുമായി യു.എ.ഇയുടെ ചാന്ദ്ര ദൗത്യം 'റാശിദ്' റോവർ കുതിപ്പ് തുടങ്ങി
|മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ
ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമായ 'റാശിദ്' റോവർ കുതിപ്പ് തുടങ്ങി. UAE സമയം 11.38ന് യു.എ.സിലെ ഫ്ലോറിഡയിലെ കെന്നഡിസ്പേസ് സെന്ററിൽനിന്നാണ്വിക്ഷേപിച്ചത് ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ. ചൊവ്വ ദൗത്യം വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് ചരിത്രമെഴുതി റാശിദിന്റെ കുതിപ്പ്.
വിക്ഷേപണത്തിന്റെ തത്സമയ വിവരങ്ങൾ അറിയാൻ യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്ആൽ മക്തൂം, ദുബൈ ഉപഭരണാധികാരിയും ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിൽ എത്തിയിരുന്നു.
കഴിഞ്ഞ മാസം വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രശ്നം മൂലം പലതവണ മാറ്റിവെക്കേണ്ടി വന്നു . ഐ സ്പേസ് നിർമിച്ച 'ഹകുട്ടോ-ആർമിഷൻ-1' എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'ന്റെ കുതിപ്പ്. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റാണ്'റാശിദി'നെ വഹിക്കുന്നത്. കുതിപ്പ് തുടങ്ങി എട്ട് മിനിറ്റിനകം ലാൻഡറുമായി വേർപെട്ട ഫാൽക്കൺ 9 ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചെത്തി. ഇത് വീണ്ടും ഉപയോഗിക്കാവുന്നതാണ്. അഞ്ച് മാസം കൊണ്ട് 3,85,000 കിലോമീറ്ററാണ് റാശിദ് സഞ്ചരിക്കേണ്ടത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്.