ഖത്തറില്‍ നിന്നും ഹജ്ജ്, ഉംറ തീർഥാടനത്തിന് പോകുന്നവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകൾ സൗജന്യമായി നല്‍കും
|31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു
ദോഹ: ഖത്തറില്‍ നിന്നും ഹജ്ജ്, ഉംറ തീർഥാടനത്തിന് പോകുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ സൗജന്യമായി നല്‍കും. 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.
പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തിനു കീഴിലെ സാംക്രമിക രോഗ വിഭാഗം വഴിയാണ് പി.എച്ച്.സി.സികളിൽ തീർഥാടകർക്ക് ആവശ്യമായ കുത്തിവെപ്പുകൾ നൽകുന്നത്. കോവിഡ് പൂർവകാല നിലയിലേക്ക് തന്നെ ഇത്തവണ ഹജ്ജ് തീർത്ഥാടന വ്യവസ്ഥകൾ തിരികെ എത്തിയിട്ടുണ്ട്. ഖത്തറിൽ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിലെ നിയന്ത്രണങ്ങളും പ്രായ പരിധിയും ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് തീർഥാടകരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി ഖത്തർ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം കോവിഡ് വാക്സിൻ ഉൾപ്പെടെ തീർഥാടകർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണം എന്നാണ് നിർദേശം. അംഗീകൃത വാക്സിനുകളുടെ രണ്ട് ഡോസിൽ കുറയാത്ത പ്രതിരോധ കുത്തിവെപ്പ് എടുക്കണം. സൗദിക്ക് പുറത്തുള്ള എല്ലാ തീർത്ഥാടകര്‍ക്കും അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ഹജ്ജിന് പുറപ്പെടുന്നവർ യാത്രയുടെ പത്ത് ദിവസം മുമ്പെങ്കിലും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് പി.എച്ച്.സി.സി അറിയിച്ചു.