ഗസ്സയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ ചികിത്സക്കായി അബൂദബിയിലെത്തിച്ചു
|ആകെ 252 പേരെയാണ് യുഎ ഇയുടെ ഗസ്സ സഹായദൗത്യത്തിന്‍റെ ഭാഗമായി അബൂദബിയിൽ കൊണ്ടുവന്നത്
അബൂദബി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ വിമാന മാർഗം ചികിത്സക്കായി അബൂദബിയിൽ എത്തിച്ചു. ആകെ 252 പേരെയാണ് യുഎ ഇയുടെ ഗസ്സ സഹായദൗത്യത്തിന്‍റെ ഭാഗമായി അബൂദബിയിൽ കൊണ്ടുവന്നത്. ഇവർക്ക് വിവിധ ആശുപത്രികളിലായി മികച്ച ചികിത്സ ഉറപ്പാക്കും.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള രക്ഷാദൗത്യത്തിന് കൂടിയാണ് യുഎഇ നേതൃത്വം നൽകിയത്. ഗുരുതരമായി പരിക്കേറ്റ 97 പേർക്കു പുറമെ നിരവധി അർബുദ രോഗികളെയും അബൂദബിയിൽ എത്തിച്ചു. പരിക്കേറ്റവരുടെയും രോഗികളുടെയും അടുത്ത ബന്ധുക്കളാണ് സംഘത്തിലെ മറ്റുള്ളവർ. ആകെയുള്ള 252 പേരിൽ 142 പേർ കുട്ടികളാണ്. കരീം അബൂ സലാം ക്രോസിങിലൂടെ ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ് ഇവരെ അബൂദബിയിൽ എത്തിച്ചത്. ഏറ്റവും മികച്ച ചികിൽസ ഉഹപ്പാക്കുന്നതിന്‍റെ ഭാഗമായാണ് രോഗികളെയും പരിക്കേറ്റവരെയും അബൂദബിയിൽ കൊണ്ടുവന്നതെന്ന് അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രി റീം ബിൻത് ആൽ ഹാഷ്മി പറഞ്ഞു.
റമോൺ വിമാനത്താവളം മുഖേന യുഎഇ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ് രോഗികളെയും പരക്കേറ്റവരെയും കൊണ്ടുവരുന്നത്. ഗസ്സ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇ സ്വീകരിച്ചുവരുന്ന സമഗ്ര പദ്ധതികളെ ലോകോരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനം പ്രകീർത്തിച്ചു. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സ നിവാസികൾക്കായി ബഹുമുഖ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് യുഎഇ പ്രസിഡന്‍റ് പ്രഖ്യാപിച്ച ഗാലന്‍റ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നത്.